ആലപ്പുഴ: തുമ്പോളി ലോക്കല്‍ പരിധിയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേര്‍ സിപിഎം വിടുന്നതായി നേതൃത്വത്തിനു കത്തു നല്‍കിയതായി സൂചന. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിനു പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു പറയുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുത്തത്. എന്നാല്‍, കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്ടും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതിനെതിരേ സമ്മേളനത്തില്‍ത്തന്നെ പ്രതിഷേധമുണ്ടായി.
പിന്നീട്, ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കി.ഈ പരാതി ആലപ്പുഴ ഏരിയ കമ്മിറ്റിക്കു കൈമാറി. ഇതു പരിശോധിക്കുന്നതിനിടെയാണ് രാജിവെച്ചതായി പ്രചാരണമുണ്ടായത്. ഇക്കാര്യത്തില്‍ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. പരാതി നല്‍കിയ കാര്യം അറിയാമെന്ന് സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു.