
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ മതഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് സഹായിച്ചതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണത്തില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ മോളിജേക്കബ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. മോളി ജേക്കബിന് 24 വോട്ടുകളും, എല്‍ഡിഎഫിലെ സിപിഎമ്മിന്റ കെ. കെ. ജയമ്മയ്‌ക്ക് 23 വോട്ടുകളുമാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന ബിജെപിയുടെ പ്രേമ ഉദയകുമാറിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു.
നിലവില്‍ യുഡിഎഫ് 23, എല്‍ഡിഎഫ് 22, എന്‍ഡിഎ അഞ്ച്, സ്വതന്ത്രന്‍ ഒന്ന്, എസ്ഡിപിഐ ഒന്ന്, പിഡിപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 53 അംഗ കൗണ്‍സിലില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമായ 27 സീറ്റുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പിഡിപി കൗണ്‍സിലര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. എന്‍ഡിഎയും മത്സരരംഗത്ത് വന്നതോടെ എസ്ഡിപിഐ കൗണ്‍സിലറുടെ വോട്ട് നിര്‍ണായകമായി. എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ ഇരു മുന്നണികള്‍ക്കും വോട്ട് നില തുല്യമാകുമായിരുന്നു. എന്നാല്‍ യുഡിഎഫുമായുള്ള രഹസ്യധാരണയെ തുടര്‍ന്ന് അവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലേറി.
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇതെ വോട്ട് നില പ്രകാരം സ്വതന്ത്രകൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കാമെന്ന ഉറപ്പിലാണ് ജോസ് ചെല്ലപ്പന്‍ യുഡിഎഫിന് പിന്തുണ നല്‍കിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ രാധാകൃഷ്ണന്‍ റ്റി.ജിയ്‌ക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. ആലപ്പുഴ നഗരസഭയില്‍ പിഡിപിയും ഇടതുമുന്നണിയുമായി രഹസ്യസഖ്യത്തിലേര്‍പ്പെട്ടാണ് മത്സരിച്ചതെന്ന് പിഡിപിയുടെ പിന്തുണ വ്യക്തമാക്കുന്നു. പല വാര്‍ഡുകളിലും പിഡിപിയുമായും എസ്ഡിപിഐയുമായും തരാതരം പോലെ നീക്കുപോക്ക് ഉണ്ടാക്കിയാണ് ഇടതുവലതുമുന്നണികള്‍ മത്സരിച്ചതെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതു ശരിവെക്കുന്നതാണ് പിഡിപിയുടെ ഇടതു പിന്തുണയും, എസ്ഡിപിഐ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ യുഡിഎഫിനെ സഹായിച്ചതും. യുഡിഎഫിലെ ധാരണ പ്രകാരമാണ് മോളി ജേക്കബ് ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണായി നിയോഗിക്കപ്പെട്ടത്. അടുത്ത രണ്ടു വര്‍ഷം കോണ്‍ഗ്രസിലെ ഷോളി സിദ്ധകുമാറും, അവസാന ഒരു വര്‍ഷം മുസ്ലീം ലീഗിനും എന്നതാണ് ധാരണ.