
കേരളത്തിന്റെ നോവും അഭിമാനവുമായി മാറിയ ആലിന്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകള്‍ പത്ത് വയസുകാരി ശ്രേയയ്‌ക്ക് നല്‍കിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. കിംസില്‍ നടക്കുന്ന കരള്‍ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം.
ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരള്‍ ലഭിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും സ്വീകര്‍ത്താവായി ഡ്രിയയും മാറുകയാണ്. ഇന്നലെ രാത്രിയോടെ റോഡ് മാര്‍ഗമാണ് ആലിന്റെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
മൂന്നേകാല്‍ മണിക്കൂറുകള്‍ കൊണ്ടാണ് അവയവങ്ങള്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്‌ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് കേരളം.