
തിരുവനന്തപുരം: കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാവേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലിന്‍ ഷെറിനെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം മാറിയപ്പോള്‍ ആ അപൂര്‍വ്വ ഉദ്യമത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോര്‍ത്തു.മഹത്തായ ഉദ്യമത്തിന് തയാറായ ആലിന്റെ മാതാപിതാക്കള്‍ക്കും കൈകോര്‍ത്ത് കൂടെ നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി കുറിച്ചു.മാതാപിതാക്കളുടെ ത്യാഗം അഞ്ച് കുരുന്നുകള്‍ക്കാണ് ജീവന്‍ പകര്‍ന്നത്.ഹെലികോപ്റ്റര്‍ മാര്‍ഗം അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രി സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ട് വരാന്‍ തിരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി കുറിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ തയാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പൊലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.