
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുനാള്‍ മാത്രം. പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ത്തി ഇന്നലെ വൈകിട്ട് ആറോടെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി. നാടും നഗരവും ആവേശത്തില്‍ ആറാടി, ഓരോ പാര്‍ട്ടിയുടെയും കരുത്തുകാട്ടിക്കൊണ്ടായിരുന്നു കൊട്ടിക്കലാശം. ഇന്ന് നിശബ്ദപ്രചാരണം. നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ടര്‍മാര്‍ വിധിയെഴുതും. 11നാണ് രണ്ടാംഘട്ടം. ഫലം 13ന്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലാണ് നാളെ വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെ 471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാര്‍ഡുകളിലേക്കായി 27,141 പേരും 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാര്‍ഡുകളിലായി 3366 പേരും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 164 വാര്‍ഡില്‍ 594 പേരും 39 മുനിസിപ്പാലിറ്റികളിലെ 1371 വാര്‍ഡില്‍ 4480 പേരും മൂന്നു കോര്‍പ്പറേഷനുകളിലെ 233 വാര്‍ഡുകളിലേയ്‌ക്കായി 1049 പേരുമാണ് ജനവിധി തേടുന്നത്. ആകെ 36,630 സ്ഥാനാര്‍ത്ഥികള്‍.