തിരുവനന്തപുരം: വോട്ടര്‍ ലിസ്റ്റിലെ പ്രത്യേക തീവ്ര പരിഷ്‌ക്കരണം (എസ്.ഐ.ആര്‍)കേരളത്തില്‍ നടപ്പാക്കുന്നതിലെ തിടുക്കം സംശയാസ്പദമാണെന്നും ബീഹാര്‍ അനുഭവ പശ്ചാത്തലത്തില്‍ ആശങ്കകള്‍ ദുരീകരിച്ചു മാത്രമേ വോട്ടര്‍ പട്ടിക അഴിച്ചുപണി പാടുള്ളുവെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന എസ്.ഐ.ആര്‍ 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനപ്പെടുത്തിയാണെന്നതു പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. 2004 മുതല്‍ പാര്‍ലമെന്റിലും 2006 മുതല്‍ നിയമസഭയിലേക്കും വോട്ട് ചെയ്തവര്‍ വീണ്ടും എന്യൂമറേഷന് വിധേയരാവണമെന്നു പറയുന്നത് യുക്തിസഹമല്ല. 2002 നു പകരം 2024 ലെ വോട്ടര്‍ ലിസ്റ്റ് അടിസ്ഥാനമാക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
നാടും നഗരവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കും വേളയില്‍ ഇത്തരമൊരു പ്രക്രിയ പ്രായോഗികമല്ലാത്തതിനാല്‍ മാറ്റിവെയ്ക്കണം. വോട്ട് അവകാശം തെളിയിക്കാനുള്ള രേഖയില്‍ ശരാശരി മലയാളിയുടെ ജീവല്‍രേഖയായ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുത്താന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തണമെന്നും വിദേശ നാടുകളില്‍ ജോലിക്കാരും പഠിതാക്കളുമായ പ്രവാസികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ലളിതവും സുതാര്യവുമായ നടപടികള്‍ വേണമെന്നും സി.പി ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു.