കാമാഠി(നാഗ്പൂര്‍): രാജ്യത്ത് ആശയങ്ങളുടെ സമുദ്രമഥനമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആശയമഥനത്തില്‍ പുറത്തുവരുന്നത് വിഷമാണെങ്കില്‍ അത് ദഹിപ്പിക്കാന്‍ കരുത്തുള്ള ശിവസ്വരൂപികള്‍ ഉണ്ടാകണം. ഭക്തിയും സ്‌നേഹവും കലര്‍ന്ന ഏറ്റവും ലളിതമായ ആരാധനാരീതിയിലൂടെ ശിവനെ പൂജിച്ച് ശിവഗുണങ്ങള്‍ ജീവിതത്തിലാര്‍ജിക്കാന്‍ നമുക്ക് കഴിയണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കാമാഠി പട്ടണത്തില്‍ ശിവരാജ്യ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച സാമൂഹിക ശിവ താണ്ഡവ സ്‌തോത്ര പാരായണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടേത് ജനാധിപത്യരാജ്യമാണ്. ഈ ആശയമഥനം സ്വാഭാവികമാണ്. എന്നാല്‍ അതില്‍നിന്ന് ഉരുത്തിരിയേണ്ടത് അഭിപ്രായ സമന്വയമെന്ന അമൃതാണ്. ഇതേ മഥനത്തിലൂടെ തന്നെയാണ് നമുക്ക് ലക്ഷ്മിയെ ലഭിക്കുന്നത്. ലക്ഷ്മി സമൃദ്ധിയാണ്. ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെയല്ലാതെ പുരോഗതിയുടെ വേഗത വര്‍ധിക്കില്ല. ഇനി അഥവാ മഥനത്തില്‍ നിന്ന് കാളകൂടമാണ് വമിക്കുന്നതെങ്കില്‍ അത് നമ്മളെയാകെ നശിപ്പിക്കും. അതുകൊണ്ട് ആ മാരക വിഷത്തെ ദഹിപ്പിക്കണം. അതിന് ശിവസ്വരൂപികള്‍ വേണം. ശിവന്‍ എല്ലാവരുടേതുമാണ്. ദേവന്മാര്‍ക്കും രക്ഷകനാണ്. കൈലാസത്തിലാണ് വസിക്കുന്നത്. കാശിയിലാണ് ശിവധാമം, ലോകാരാധ്യമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലും ശിവസാന്നിധ്യമുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ശിവന്റെ മഹത്വം അപാരമാണ്. അദ്ദേഹം ദേവന്മാരുടെ ദൈവമായ മഹാദേവനാണ്. സ്വന്തമായി ഒന്നും വേണ്ടാത്തവനാണ്. ആരുടെയും വരം സ്വീകരിക്കാത്തവനാണ്, എന്നാല്‍ എല്ലാവര്‍ക്കും വരങ്ങള്‍ നല്‍കുന്നവനാണ്. സുഖലോലുപതയിലായിരുന്നില്ല ജീവിതം. ചുടലഭസ്മം നിറഞ്ഞ ശ്മശാനഭൂമിയാണ് വാസസ്ഥാനമായി തെരഞ്ഞെടുത്തത്. അമൃത് പാനം ചെയ്യാനല്ല, പ്രപഞ്ചനന്മയ്‌ക്കായി വിഷം കുടിക്കാനാണ് അദ്ദേഹം തയാറായത്.
ഭാരതത്തെ മഹാദേവന്‍ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് രാം മനോഹര്‍ ലോഹ്യ പറയാറുണ്ടായിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ ഭാരതത്തെ വടക്ക് നിന്ന് തെക്ക് വരെ കൂട്ടിയിണക്കി. ശ്രീകൃഷ്ണന്‍ കിഴക്കിനെയും പടിഞ്ഞാറിനെയും ഒരുമിപ്പിച്ചു. ഭഗവാന്‍ ശിവന്‍ ഈ രാജ്യത്തിന്റെ ഓരോ കണികയിലും ഓരോ വ്യക്തിയിലും ജദദീവിക്കുന്നു. ഭാരതത്തെ ഈ രീതിയില്‍ മനസിലാക്കാന്‍ നമുക്ക് കഴിയണം, സര്‍സംഘചാലക് പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീമന്ത് രാജെ മാധോജി ഭോസ്ലെ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ, എംഎല്‍എ പരിണയ് ഫൂകെ, മുന്‍ എംഎല്‍എ തെക്ചന്ദ് സവര്‍ക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.