സെക്രട്ടറിയേറ്റിനു മുന്നിലെ വനിതകളുടെ അതിജീവന സമരം കൂടുതല്‍ ശക്തമാകുന്നു.സമരത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സംഘടനാ ചുമതലയുള്ള എഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഇന്ന് രണ്ട് സമരവേദിയിലും എത്തും. ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.
.ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 48-ാംദിനത്തിലേക്കുംനിരാഹാര സമരം 10 -ാം ദിനത്തിലേക്കും കടന്നു. സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച ആശാ വര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അംഗന്‍വാടി ജീവനക്കാരുടെ രാപ്പകല്‍ സമരം 13-ാം ദിനത്തിലേക്ക് കടന്നു.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റിന്റെ നടയില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് മാത്രമല്ല, വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും അവരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി ഫേസ് ബുക്കിലൂടെ പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. 146 പേരുടെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. അതും ഫെബ്രുവരി മാസത്തിലേത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നത്. തങ്ങളുടെ കണ്ണും കാതും ആ അവകാശങ്ങളിലേക്ക് നീട്ടാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണ് എന്നതില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണ്.
ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരും. നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കും. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.