തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ നവംബര്‍ ഒന്നുമുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെജിഎംഒഎ പ്രഖ്യാപിച്ചു. സമരകാലത്ത് രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്.
ആശുപത്രികളില്‍ സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സമൂഹവും സംവിധാനങ്ങളും പരാജയപ്പെടുന്നു എന്നത് നിരാശാജനകമാണെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ പറഞ്ഞു.
ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്നും യാഥാര്‍ഥ്യമാകാത്തതായും അവര്‍ ചൂണ്ടിക്കാട്ടി.
ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിനു ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ലെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
ട്രയേജ് സംവിധാനം, ഓരോ കാഷ്വാലിറ്റിയിലും രണ്ട് സിഎംഒമാരുടെ സേവനം, പോലീസ് എയ്ഡ് പോസ്റ്റ്, സിസിടിവി ഉറപ്പാക്കല്‍ എന്നിവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതിരുന്നാല്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.