
ഗുവാഹത്തി: ആസാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന സര്‍ക്കാറിനെതിരെ വ്യാജ പ്രചരണവുമായിവന്ന കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്രയെ പൊളിച്ചടുക്കി ബിജെപി. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ ചാര്‍ജ് ഷീറ്റ്-2026 പുറത്തിറക്കിയിരുന്നു. ഇതിന് മറുപടിയുമായി ബിജെപി വക്താവ് ജയന്ത കുമാര്‍ ഗോസ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയെ ആസാമിലെ തേയിലത്തോട്ടങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തേയിലത്തോട്ടങ്ങളുടെ വരികളിലൂടെ നടക്കാനും, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍ എന്നിവ പരിശോധിക്കാനും, നിലവിലെ ഭരണകൂടത്തിന് കീഴിലുള്ള ദൃശ്യമായ വികസനം എന്താണെന്ന് മനസിലാക്കാന്‍ പ്രദേശവാസികളുമായി സംവദിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആസാമിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ കീഴില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങളെ കോണ്‍ഗ്രസ് തെറ്റായി ചിത്രീകരിച്ചു. വനഭൂമി, വിജിആര്‍/പിജിആര്‍ ഭൂമി, ട്രൈബല്‍ ബെല്‍റ്റുകള്‍, ബ്ലോക്കുകള്‍, മറ്റ് സര്‍ക്കാര്‍ സ്വത്തുക്കള്‍ എന്നിവയില്‍ നിന്നുള്ള അനധികൃത കയ്യേറ്റങ്ങള്‍ നീക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി തേയിലത്തൊഴിലാളികളോട് കടുത്ത അവഗണനയാണ് കാട്ടിയിരുന്നത്. സ്വന്തമായി കിടപ്പാടം പോലും ഒരുക്കി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം തൊഴിലാളികള്‍ക്ക് സ്വന്തമായി കിടപ്പാടവും ഉടമസ്ഥാവകാശ സുരക്ഷ ഉറപ്പാക്കാന്‍ ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നും ജയന്ത കുമാര്‍ ഗോസ്വാമി പറഞ്ഞു.