ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്.
ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. 48 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ വനപ്രദേശത്തേക്ക് നീങ്ങുകയായിരുന്നു. ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ജമ്മു കശ്മീരിൽ നിരവധി സൈനിക നീക്കങ്ങൾ പതിവായി നടക്കുന്നുണ്ട്. ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സംഘർഷം രൂക്ഷമായി. പിന്നാലെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നടന്നു.
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ ധാരണയിലെത്തി. ഞായർ വൈകുന്നേരം 5 മുതൽ കര, വ്യോമ, നാവിക അതിർത്തികളിലെ എല്ലാ സൈനിക നടപടികളും നിർത്തിവയ്‌ക്കാൻ തീരുമാനിച്ചു. എന്നാൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കരാർ ലംഘിച്ചിരുന്നു.