ബെർഹാംപൂർ: പശുവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 40 കിലോയോളം പ്ലാസ്റ്റിക് . ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ വെറ്ററിനറി ഹോസ്പിറ്റലിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് നീക്കം ചെയ്തത്.
ദിവസങ്ങളായി ആഹാരം പോലും എടുക്കാതെ കഷ്ടപ്പെട്ടിരുന്ന അഞ്ച് വയസ്സുള്ള പശുവിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഗഞ്ചമിലെ ചീഫ് ജില്ലാ വെറ്ററിനറി ഓഫീസർ (CDVO) അഞ്ജൻ കുമാർ ദാസ് പറഞ്ഞു. പ്രാഥമിക ചികിത്സയ്‌ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ശസ്ത്രക്രിയ . ഹിൽപട്ട്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ പശുവിനെ, കടുത്ത അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഞായറാഴ്ച മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. മലമൂത്ര വിസർജ്ജനത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു.
.മാലിന്യങ്ങൾക്കിടയിലൂടെ ഭക്ഷണം തേടുന്നതിനിടെ അറിയാതെ കഴിച്ച പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതാണ് പശുവിന്റെ അവസ്ഥയ്‌ക്ക് കാരണമെന്ന് ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോക്ടർ സത്യ നാരായൺ കർ പറഞ്ഞു. ഇത് മൃഗങ്ങളുടെ കുടൽ അടയാൻ കാരണമാകും . കൂടുതൽ നേരം ശ്രദ്ധിക്കാതെ വിട്ടാൽ അവ മരിക്കും,” ഡോ. കർ പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2023-ൽ ഇതേ മൃഗാശുപത്രി മറ്റൊരു തെരുവ് പശുവിൽ സമാനമായ ഒരു ശസ്ത്രക്രിയ നടത്തി, അതിന്റെ വയറ്റിൽ നിന്ന് ഏകദേശം 30 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിരുന്നു.“പോളിത്തീൻ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗം, ഗതാഗതം, നിർമ്മാണം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും, ഒഡീഷയിൽ അവയുടെ ഉപയോഗം ഇന്നുമുണ്ടെന്ന് കാട്ടുന്നതാണിത് ,” ഡോ. കർ പറഞ്ഞു
കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ബെർഹാംപൂർ മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു.