ന്യൂഡല്‍ഹി: മുന്‍ എംപി ഉള്‍പ്പെട്ട വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ റെയ്ഡ് നടത്തി.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആദ്യമായാണ് ഇഡി ഇത്തരത്തില്‍ ഒരു പരിശോധന നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും (ANSCB) അതിന്റെ വൈസ് ചെയര്‍മാനുമായ കുല്‍ദീപ് റായ് ശര്‍മ്മ(57)യുമായി ബന്ധപ്പെട്ടതാണ് കേസ്. ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. ആന്‍ഡമാന്‍ നിക്കോബാറില്‍ 2019-2024 കാലയളവില്‍ എംപിയായിരുന്നു കോണ്‍ഗ്രസ് നേതാവായ കുല്‍ദീപ് റായ് ശര്‍മ്മ.
കേസിന്റെ ഭാഗമായി ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലും പരിസരങ്ങളിലുമായി ഒമ്പത് സ്ഥലങ്ങളിലും കൊല്‍ക്കത്തയിലെ രണ്ടിടങ്ങളിലും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായും ഇഡിയുടമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേസില്‍ സംശയിക്കപ്പെടുന്ന പ്രതികള്‍, ശര്‍മ്മയുടെ നേട്ടങ്ങള്‍ക്കായി 15 സ്ഥാപനങ്ങളും കമ്പനികളും രൂപീകരിക്കുകയും, ഈ സ്ഥാപനങ്ങള്‍ വഴി എഎന്‍എസ്‌സി ബാങ്കില്‍ നിന്ന് 200 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പിലൂടെ സ്വന്തമാക്കുകയും ചെയ്തതായാണ് ആരോപണം. തങ്ങള്‍ ശേഖരിച്ച രേഖകള്‍ പ്രകാരം, ബാങ്കിന്റെ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവഗണിച്ച് വിവിധ വ്യാജ കമ്പനികള്‍ക്ക് വായ്പ അനുവദിച്ചതായുള്ള വിവരങ്ങള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.