• Mon. Jan 12th, 2026

24×7 Live News

Apdin News

ആർഎസിയും വെയ്റ്റിംഗ് ലിസ്റ്റും ഇല്ല; വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് ഇന്ത്യൻ റെയിൽവേ

Byadmin

Jan 12, 2026



ന്യൂദൽഹി: വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് ഇന്ത്യൻ റെയിൽവേ. ആർഎസിയും വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാകില്ല. തേർഡ് എസിക്ക് 960 രൂപയാണ് ഏറ്റവും കുറഞ്ഞനിരക്ക്. സെക്കൻഡ് എസിക്ക് 1240 രൂപയും നൽകണം. ഫസ്റ്റ് എസിക്ക് 1520 രൂപയാണ് നിരക്ക്.

400 കിലോമീറ്റർ യാത്രകൾക്ക്, 3AC 960 രൂപ, 2AC 1,240 രൂപ, 1AC 1,520 രൂപ എന്നിങ്ങനെയാണ് നിരക്ക്. 400- 800 കിലോമീറ്റർ വരെ– 3AC- 1,920, 2AC- 2,480, 1AC- 3,040 രൂപ, 800- 1,600 കിലോമീറ്റർ വരെ– 3AC- 3,840, 2AC- 4,960, 1AC- 6,080 രൂപ, 2,000 കിലോമീറ്റർ വരെ– 3AC– 4,800, 2AC– 6,200, 1AC– 7,600 രൂപ, 2,800 കിലോമീറ്റർ വരെ– 3AC– 6,720, 2AC– 8,680, 1AC– 10,640, 3,500 കിലോമീറ്റർ വരെ– 3AC– 8,400, 2AC– 10,850, 1AC– 13,300 രൂപ.

തേർഡ് എസിക്ക് കിലോമീറ്ററിന് 2.4 രൂപയും, സെക്കൻഡ് എസിക്ക് കിലോമീറ്ററിന് 3.1 രൂപയും, ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയും ഈടാക്കും. മറ്റ് എക്‌സ്‌‌പ്രസ് ട്രെയിനുകളിലെ എസി ക്ലാസിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ വന്ദേഭാരതിൽ സ്വീകരിക്കില്ല. ആർഎസി പ്രകാരം, രണ്ട് യാത്രക്കാർക്ക് ഒരു സൈഡ് ലോവർ ബെർത്ത് പങ്കിടാൻ അനുവാദമുണ്ട്. മറ്റ് ട്രെയിനുകളെപ്പോലെ വന്ദേ ഭാരത് സ്ലീപ്പറിലും ജീവനക്കാർക്കുള്ള ഡ്യൂട്ടി പാസ് ക്വാട്ടയ്‌ക്ക് പുറമേ സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ക്വാട്ട ഉണ്ടായിരിക്കും.

പുതുവർഷ സമ്മാനമെന്ന നിലയിൽ കൊൽക്കത്ത – ഗുവാഹത്തി റൂട്ടിലാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ക്ലാസ് ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. ആകെ 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നത്.

16 കോച്ചുകളുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 11 എസി 3-ടയർ കോച്ചുകളും 4 എസി 2-ടയർ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചുമായിരിക്കും ഉണ്ടായിരിക്കുക. കുഷ്യൻ ബെർത്തുകൾ, മികച്ച സസ്പെൻഷൻ, ശബ്ദം കുറയ്‌ക്കൽ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സുഗമമായ ദീര്‍ഘദൂര യാത്രയ്‌ക്ക് അനുയോജ്യമായ തരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്. മുകളിലെ ബര്‍ത്തിലേക്ക് കയറാന്‍ ചവിട്ടുപടികളും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകളും അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ട്രെയിനിലുണ്ട്. കവച് സുരക്ഷാ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.

By admin