കൊച്ചി : ‘ പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ ‘ എന്ന ഗാനത്തിൽ സ്കൂൾ കുട്ടികൾ ആലപിക്കാൻ പാടാത്തതായി ഉള്ളതെന്ന് ശങ്കു ടി ദാസ്. ആർ.എസ്.എസിന്റെ ഗണഗീതം” എന്ന് വിളിക്കപ്പെടുന്ന ആ പാട്ടിൽ ആർ.എസ്.എസിനെ സ്തുതിക്കുന്ന ഒറ്റ വരി പോലുമില്ല . ഉള്ളതത്രയും ഭാരതം എന്നയീ പുണ്യദേശത്തെ ഭക്തിപൂർവ്വം വാഴ്‌ത്തുന്ന വരികളാണ്. അതിൽ എസ്.ഡി.പി.ഐക്ക് എന്തിനാണിത്ര അസഹിഷ്ണുത തോന്നുന്നതെന്നും ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….
പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ദേശഭക്തി ഗാനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പാടിയ മഹാപരാധത്തിനാണത്രേ ബന്ധപ്പെട്ട ജീവനക്കാർക്ക് എതിരെ നടപടി എടുത്തുകൊള്ളാം എന്ന് സ്കൂൾ പ്രിൻസിപ്പൽ എസ്.ഡി.പി.ഐക്കാർക്ക് ലെറ്റർപാഡിൽ എഴുതി ഒപ്പിട്ട് കൊടുത്തിരിക്കുന്നത്.
എന്താണ് ആ പാട്ടിൽ അങ്ങനെ സ്കൂൾ കുട്ടികൾ ആലപിക്കാൻ പാടാത്തതായി ഉള്ളത്?
“ആർ.എസ്.എസിന്റെ ഗണഗീതം” എന്ന് വിളിക്കപ്പെടുന്ന ആ പാട്ടിൽ ആർ.എസ്.എസിനെ സ്തുതിക്കുന്ന ഒറ്റ വരി പോലുമില്ല.
ഉള്ളതത്രയും ഭാരതം എന്നയീ പുണ്യദേശത്തെ ഭക്തിപൂർവ്വം വാഴ്‌ത്തുന്ന വരികളാണ്.
ആർ.എസ്.എസിന്റെ നേതാക്കളേയോ പ്രചാരകരേയോ സർസംഘചാലകരേയോ അല്ല, ഭഗത് സിംഗ്, ജാൻസി റാണി, ശ്രീനാരായണ ഗുരുദേവൻ, അരവിന്ദ മഹർഷി, ശ്രീരാമകൃഷ്ണ പരമഹംസർ, സമർഥ് രാംദാസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ഭാരതത്തിന്റെ വീരപുത്രന്മാരെയും ആത്മീയ വ്യക്‌തിത്വങ്ങളേയും ആണ് ആ ഗാനം ആദരവോടെ സ്മരിക്കുന്നത്.
സംഘത്തിന്റെയോ പരിവാറുകളുടേയോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ വിജയത്തെ പറ്റിയല്ല, “പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്ന മുകുളങ്ങളുടെ” സേവയാകുന്ന അർച്ചന കൊണ്ട് നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയാൽ രാജ്യമൊറ്റക്കെട്ടായി നേടുന്ന ലോകവിജയത്തെ പറ്റിയാണ് ആ ഗീതം ശ്രുതിമധുരമായി പാടുന്നത്.
അതിൽ എസ്.ഡി.പി.ഐക്ക് എന്തിനാണിത്ര അസഹിഷ്ണുത തോന്നുന്നത്??
ഗണം എന്നാൽ ‘കൂട്ടം’ എന്നാണ് അർത്ഥം.
കൂട്ടമായി ചേർന്ന് ഒന്നിച്ചു പാടുന്ന സംഘഗാനങ്ങളാണ് ഗണഗീതങ്ങൾ.
സംഘത്തിന്റെ ശാഖകളിൽ ഭാരതത്തെ സ്തുതിക്കുന്ന നിരവധി ദേശഭക്തി ഗാനങ്ങൾ ഗണഗീതമായി ചൊല്ലാറുണ്ട്.
അതിൽ ഒന്നിന്റെയും പകർപ്പവകാശം ആർ.എസ്.എസ് ഒരിക്കലും ഉന്നയിക്കാറില്ല.
സംഘം എന്ന പ്രസ്ഥാനം പോയിട്ട് ഗാനത്തിന്റെ രചയിതാവായ വ്യക്തി പോലും ഒരു ഗണഗീതത്തിന്റെയും കർതൃത്വം അവകാശപ്പെടാറില്ല എന്നതാണ് വസ്തുത.
പരമ പവിത്രമതാമീ മണ്ണിൽ മുതൽ സമൂഹത്തിൽ പ്രചുര പ്രചാരത്തിലുള്ള നൂറ് കണക്കിന് ഗണഗീതങ്ങൾ ഉണ്ടല്ലോ.
ഇതിൽ ഏതെങ്കിലും ഒന്ന് ആരെഴുതിയതാണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ?
സാധിക്കില്ല.
കാരണം അവയൊന്നും ആരുടെയെങ്കിലും പാട്ടുകളല്ല.
പകരം അവയോരോന്നും എല്ലാവരുടെയും പാട്ടുകളാണ്.
രാജ്യത്തിന്റെ പാട്ടുകളാണ്.
സമർപ്പിതമായ സമൂഹഗീതങ്ങളാണ്.
അവയ്‌ക്ക് പുറത്തു വരാനുള്ള കേവലം ഉപാധികൾ ആയല്ലാതെ,
അവയുടെ നിർമാതാക്കൾ ആയി ആ അജ്ഞാത കവികളിൽ ആരും സ്വയം സങ്കൽപ്പിക്കാറോ സ്വയം അവരോധിക്കാറോ ഇല്ല.
എഴുതി പൂർത്തിയാവുന്ന നിമിഷം മുതൽ അവ സമാജത്തിന്റെ സ്വത്താണ്.
എന്റെയെന്ന് ഊറ്റം കൊള്ളാനുള്ള പദ്യങ്ങളല്ല,
സമൂഹത്തിന് ഏറ്റുചൊല്ലാനുള്ള ഗീതങ്ങളാണ്.
ഇദം ന മമ എന്ന പ്രാർത്ഥനകളാണ്.
അങ്ങനെ രാഷ്‌ട്രത്തിനായി സമർപ്പിക്കപ്പെട്ട ഒരു ദേശഭക്തി ഗീതം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ഒരു സ്കൂളിൽ കുറച്ചു കുട്ടികൾ ആസ്വദിച്ചു ചൊല്ലി എന്ന കുറ്റത്തിനാണ് എസ്.ഡി.പി.ഐക്കാർ ഉറഞ്ഞു തുള്ളി സ്കൂൾ പ്രിൻസിപ്പാളിനെ വരെ ഭീഷണിപ്പെടുത്തുന്നതും ബന്ധപ്പെട്ട സകലർക്കുമെതിരെ നടപടി എടുക്കാമെന്ന് എഴുതി വാങ്ങുന്നതും.
ആർ.എസ്.എസുകാർ ചൊല്ലുന്ന പാട്ടാണെന്നത് ആണത്രേ ആ ഗാനത്തിന്റെ കുഴപ്പം.
ആർ.എസ്.എസുകാർ വന്ദേ മാതരവും ജനഗണമനയും ഒക്കെ പാടാറുണ്ട്.
നാളെ ഇനി സർക്കാർ സ്‌കൂളുകളിൽ അത് ചൊല്ലുന്നതിനും ഇവർ വിലക്കേർപ്പെടുത്തുമോ?
ആർ.എസ്.എസ് വിരോധത്തിന്റെ മറവിൽ ഒളിച്ചു കടത്തപ്പെടുന്ന ഈ അസ്സൽ ദേശവിരുദ്ധതയേ പൊതു സമൂഹം തിരിച്ചറിയുകയും ഒന്നിച്ചു എതിർത്തു തോൽപ്പിക്കുകയും വേണം.
അല്ലാതെ വന്നാൽ ഇത്തരം ടെസ്റ്റ് ഡോസുകളിൽ കിട്ടുന്ന വിജയത്തിന്റെ ആവേശത്തിൽ നാളെയിവർ ദേശീയ ഗീതത്തിന് എതിരെ പോലും ഫത്വകൾ പുറപ്പെടുവിച്ചു തുടങ്ങും.