
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ മകളെ കണ്ട് കൊതിതീരും മുമ്പ് കെ.എസ് ചിത്രയ്‌ക്ക് പിരിയേണ്ടി വന്നു. മകൾ നന്ദനയുടെ ഓർമ ദിനത്തിൽ ഗായിക പങ്കുവെക്കാറുള്ള കണ്ണീർ കുറിപ്പുകൾ എല്ലാവരുടേയും കണ്ണുകളെ ഈറനണിയിക്കാറുണ്ട്. 2002ലാണ് കെ.എസ് ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. അന്ന് മുതൽ മകളായിരുന്നു ഇരുവരുടേയും ലോകം. എന്നാൽ ഒരുപാട് നാൾ ആ സന്തോഷം നീണ്ടുനിന്നില്ല. 2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരിച്ചു.
പിന്നീട് ഏറ്റവും പ്രിയപ്പെട്ട സംഗീതം അടക്കം ഉപേക്ഷിച്ച് ചിത്ര വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടി. പ്രിയപ്പെട്ടവരുടെ പ്രോത്സാഹനമാണ് സംഗീതലോകത്തേക്ക് തിരിച്ച് വരാൻ തന്നെ സഹായിച്ചതെന്ന് പറയുകയാണിപ്പോൾ ഗായിക. മകളുടെ വേർപാടിനുശേഷം ഗുരുവായൂർ അമ്പലത്തിൽ പോകുന്നത് പോലും നിർത്തിയിരുന്നുവെന്ന് അഭിമുഖത്തിൽ ചിത്ര പറഞ്ഞു.
മകളുടെ മരണശേഷം ഞാൻ പാട്ടിലേക്ക് തിരിച്ച് വന്നത് ഏറെനാൾ കഴിഞ്ഞാണ്. എന്നെ പാട്ടിന്റെ ലോകത്തേക്ക് തിരിച്ച് കൊണ്ടുവരാനായി ഏറ്റവും കൂടുതൽ വർക്ക് ചെയ്തത് രഞ്ജിനിയും വിജയ് ടിവിയിലെ ചില ആളുകളുമാണ്. ഞാൻ വന്നാലെ ഷൂട്ട് തുടങ്ങുവെന്ന് തീരുമാനത്തിലായിരുന്നു അവർ.
ഏഷ്യാനെറ്റിൽ നിന്ന് രഞ്ജിനിയെ എല്ലാ മാസവും അയക്കുമായിരുന്നു എന്നെ കൺവിൻസ് ചെയ്ത് തിരിച്ച് കൊണ്ടുവരാൻ വേണ്ടി. അപ്പോഴൊന്നും ഞാൻ അതിന് തയ്യാറായിരുന്നില്ല. ആ സമയത്താണ് ലതാജിയുടെ പേരിലുള്ള ഒരു അവാർഡിന് എന്നെ സെലക്ട് ചെയ്തത്. ഹൈദരാബാദിൽ ആയിരുന്നു ചടങ്ങ്. ഞാൻ തന്നെ പോയി വാങ്ങണമായിരുന്നു. അന്ന് ഞാൻ പുറത്ത് പോകാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല. ചടങ്ങിന് പോയിയെങ്കിലും പാട്ടൊന്നും പാടിയിരുന്നില്ല.
പിന്നീട് കുറേനാളുകൾക്കുശേഷം ഇളയരാജ സാറിന്റെ കോൺസേർട്ടിൽ ഭാഗമായപ്പോഴാണ് വീണ്ടും പാടി തുടങ്ങിയത്. എനിക്ക് കൗൺസിലിങ് തരാൻ ഒരുപാട് പേർ വന്നു. വെൽവിഷേർസ് ആയവരും എനിക്ക് പരിചയമില്ലാത്തവരും രവീന്ദ്രൻ മാഷിന്റെ ശോഭ ചേച്ചി വരുമായിരുന്നു. പലരുടേയും കഥകൾ പറഞ്ഞ് തരുമായിരുന്നു. വീട്ടിൽ നിന്നും എല്ലാവരും പറഞ്ഞത് കൊണ്ടും രാജാ സാർ നിർബന്ധിച്ചതുകൊണ്ടുമാണ് അദ്ദേഹത്തിന്റ കോൺസേർട്ടിൽ പാടിയത്.
മൂടികെട്ടി അകത്ത് ഇരിക്കുന്നതിലൂടെ കൂടെയുള്ളവരുടെ ജീവിതം ദുരിതപൂർണമാകും എന്നല്ലാതെ ഒരു ഉപകാരവും ഇല്ല. നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുകയുമില്ല. അങ്ങനെ എല്ലാവരും പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു. എന്നെ ആശ്രയിച്ച് ഒരുപാട് പേർ ജീവിക്കുന്നുണ്ട്. ഞാൻ തളർന്ന് പോയാൽ അവരുടെ ജീവിതവും പോകുമല്ലോ.
നമ്മൾ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട് വെച്ചിട്ടുണ്ടാകും അതെല്ലാം മാറി മറിയാൻ ഒരു നിമിഷം മതി. ദൈവത്തിന്റെ തീരുമാനമാണ് ഫൈനൽ. അതേ നടക്കുകയുള്ളു. അതുകൊണ്ട് തന്നെ വരുന്നിടത്ത് വെച്ച് കാണാമെന്ന ചിന്തയാണിപ്പോൾ. പ്ലാനുകളോടെ ഓരോന്ന് കരുതി വെയ്‌ക്കുന്നതിൽ ഒരു കാര്യവുമില്ല. ജീവിതം വളരെ കുറച്ചേയുള്ളു. അത് മര്യാദയ്‌ക്ക് ജീവിച്ച് തീർക്കുക എന്നത് മാത്രം. എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്. ആരെയെങ്കിലും ഞാൻ ദ്രോഹിച്ചോ?,
റിയാലിറ്റി ഷോയിലെ കുട്ടികളുടെ അടുത്ത് പറഞ്ഞതിൽ എന്തെങ്കിലും കാര്യം അവരെ വേദനിപ്പിച്ചിട്ടുണ്ടാകുമോ? അവരുടെ ശാപമായിരിക്കുമോ അങ്ങനെ പല ചിന്തകളും ആ സമയത്ത് വന്നു. ചിന്ത കാട് കയറി പോകുമായിരുന്നു. നമുക്ക് ഒരു അനുഭവം വന്ന് കഴിയുമ്പോൾ വിളക്ക് കൊളുത്തി നാമം ജപിച്ചിട്ടും എനിക്ക് എന്താ ഇങ്ങനെ എന്ന് ചിന്തിക്കും. പക്ഷെ പിന്നീട് ഞാൻ മനസിലാക്കി. നമുക്കായി എഴുതി വെച്ചിട്ടുള്ളത് നടക്കുമെന്ന്. ഏത് ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങൾ ഉണ്ടാകും. അതിനെ മറികടക്കാനുള്ള ശക്തിയാണ് ദൈവം തരുന്നത്.
അമ്പലത്തിൽ പോകണമെന്ന തോന്നൽ പോലും പോയിരുന്നു. മനസിൽ ഗുരുവായൂരപ്പനോട് ഒരു പിണക്കം പോലെയായിരുന്നു. പക്ഷെ പിന്നീട് തൃശ്ശൂരിൽ ഒരു പ്രോഗ്രാമിന് പോയപ്പോൾ എനിക്ക് റൂം കിട്ടിയത് ഗുരുവായൂർ അമ്പലത്തിന് മുന്നിലായിരുന്നു. ഭഗവാൻ എന്നെ തിരിച്ച് വിളിച്ചതായിട്ടാണ് എനിക്ക് അന്ന് ഫീൽ ചെയ്തത്. അന്ന് ഞാൻ അമ്പലത്തിൽ കയറി. ഒരുപാട് നേരം കരഞ്ഞിട്ട് തിരിച്ച് വന്നു. എനിക്ക് ഒന്നും പറയാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല. അതിനുശേഷം ഭഗവാനോട് കൂടുതൽ അടുത്തു. ഒരു ഏകാദശി പോലും മുടക്കാറില്ല ചിത്ര പറഞ്ഞു.