• Wed. Dec 10th, 2025

24×7 Live News

Apdin News

‘ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍’

Byadmin

Dec 10, 2025



നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍. പ്രതികള്‍ കുറ്റവാളികളാണെന്ന വിധിയില്‍ സന്തോഷമുണ്ടെന്ന് ലാല്‍ പറയുന്നു. ഗൂഢാലോചനയില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ലാല്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ നടി ലാലിന്റെ വീട്ടിലേക്കായിരുന്നു ചെന്നത്. അന്ന് പ്രതികളെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ താനവരെ കൊല്ലുമായിരുന്നുവെന്നും ലാല്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാല്‍.

 

‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോള്‍ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളായാനാണ് തോന്നിയത്. പിന്നീട് സാവകാശത്തോടെ ചിന്തിക്കുമ്പോള്‍ അവര്‍ക്കെല്ലാം കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നലെ വിധി വന്നു. അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് എത്ര കണ്ട് ശിക്ഷ കിട്ടുമെന്ന് അറിയില്ല. അതിനി വരണം. എന്താണെങ്കിലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷണം കിട്ടണം, കിട്ടും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ആ വിധിയില്‍ ഞാന്‍ സന്തോഷവാനാണ്.” ലാല്‍ പറയുന്നു.

 

ഗൂഢാലോചനയുടെ കാര്യത്തില്‍, അത് പിന്നീട് കണ്ടെത്തിയൊരു പ്രശ്‌നമാണ്. അതേക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാം. അതിനേക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ക്കറിയാം, കോടതിയ്‌ക്ക് അറിയാം. ഏറ്റവും കുറവ് അറിയുന്നയാളാണ് ഞാന്‍. അതേക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നതില്‍ കാര്യമില്ല. കാരണം പൂര്‍ണമായും അറിയാത്തൊരു കാര്യത്തില്‍ അഭിപ്രായം പറയരുത് എന്നാണ് എന്റെ വിശ്വാസം” എന്നാണ് ഗൂഢാലോചന സംബന്ധിച്ച കോടതി വിധിയെക്കുറിച്ച് ലാലിന്റെ പ്രതികരണം.

 

ഈ കേസ് തെളിയിക്കാന്‍ വേണ്ടി എന്റെ ഭാഗത്തു നിന്നും എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ലാല്‍ പറയുന്നു. ”അന്ന് ആ കുട്ടി വീട്ടില്‍ വന്നപ്പോള്‍ ബെഹ്‌റയെ ആദ്യം വിളിച്ചറിയിക്കുന്നത് ഞാനാണ്. അല്ലാതെ പിടി തോമസ് അല്ല. അതൊക്കെ കഴിഞ്ഞ കുറേ കഴിഞ്ഞാണ് പിടി തോമസൊക്കെ വരുന്നത്. പിടി തോമസ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം അവന് നല്ല വേദനയുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനാണ് അദ്ദേഹത്തോട് അവനെ സംശയമുണ്ട്, അവന്റെ അഭിനയം ശരിയല്ല എന്ന് തോന്നുന്നുവെന്നും പറഞ്ഞു. പിന്നീട് ഒരു നോര്‍ത്ത് ഇന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ അദ്ദേഹത്തോടും പറഞ്ഞു. അങ്ങനെയാണ് അവനെ പൊലീസ് കൊണ്ടു പോകുന്നത്.” എന്നും ലാല്‍ പറയുന്നു.

 

അത് ഞാന്‍ ചെയ്ത വലിയൊരു കാര്യമാണെന്ന് വിശ്വസിക്കുന്നു. കാരണം അതായിരുന്നു എല്ലാത്തിന്റേയും തുടക്കം. അതിന് ശേഷം കോടതിയിലും പ്രോസിക്യൂഷനോടും ഞാനും എന്റെ കുടുംബവും എല്ലാ കാര്യങ്ങളും കിറുകൃത്യമായി, ചെറിയ സമയം പോലും തെറ്റാതെ അറിയിച്ചിട്ടുണ്ടെന്നും ലാല്‍ പറയുന്നു.

 

ഭാവി കാര്യങ്ങളെക്കുറിച്ച്, ഊഹങ്ങളും തെറ്റിദ്ധാരണകളും ശരിയായ കാര്യങ്ങളുമൊക്കെ നമ്മുടെ മനസില്‍ കാണും. അതില്‍ ഏതാണ് ശരിയെന്ന് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തല്‍പരനല്ല. ഈ കേസിനെ സഹായിക്കുന്ന, എനിക്ക് അറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. മുമ്പോട്ട് പോകുമ്പോള്‍ സുപ്രീം കോടതി വരെ പോവുകയാണെങ്കില്‍ അപ്പോഴും എനിക്ക് ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും.

എന്തെങ്കിലും പുതുതായിട്ട് അറിയാന്‍ സാധിക്കുമെങ്കില്‍ അതും അറിയിച്ചിരിക്കുമെന്നും അദ്ദേഹം പറയുന്നു

അന്ന് അവരെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ ഞാനവരെ കൊന്നേനെ. അവരെ ശിക്ഷിച്ചുവെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്തുകൊണ്ടാണ് അങ്ങനൊരു വിധി വന്നതെന്ന് അറിയില്ല. വിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ല. അതില്‍ കുറ്റവാളിയേയല്ലെന്നാണോ അതോ തെളിവുകള്‍ ശേഖരിക്കാന്‍ പറ്റിയിട്ടില്ല എന്നാണോ പറയുന്നതെന്ന് അറിയില്ല. അത് അറിയാത്തിടത്തോളം കാലം ഊഹാപോഹം പറയാന്‍ ആളല്ല. ഞാന്‍ വലിയ ടെന്‍ഷനിലാണ്. ആശങ്കയും സമാധാനക്കേടുമുണ്ട്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നൊന്നും അറിയാന്‍ പാടില്ലാത്ത അവസ്ഥയാണെന്നും ലാല്‍ പറയുന്നു.

By admin