• Tue. Aug 26th, 2025

24×7 Live News

Apdin News

ആ ചുവപ്പിനെ പേടിക്കേണ്ട; കടലിലെ ‘ബ്ലൂം’ പ്രതിഭാസമാണ്, മീൻ ലഭ്യത കുറയില്ല

Byadmin

Aug 26, 2025



കൊച്ചി: കേരളത്തിലെ കടലിൽ കാണപ്പെട്ട ചുവപ്പുനിറവും ചുവന്ന തിരയും വർണ്ണ വൈവിദ്ധ്യവും കണ്ട് ഭയക്കേണ്ടതില്ലെന്ന് ശാസ്ത്രജ്ഞർ. കാലാവസ്ഥാ മാറ്റവും പരിസ്ഥിതി ഭേദവും മൂലമുണ്ടാകുന്ന ‘ബ്ലൂം’ എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഔദ്യോഗികമായി അറിയിച്ചു.
തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളും മൂലം കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) കണ്ടിരുന്നു. ഇത് കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ ആശങ്കപ്പെടുത്തി. മീൻ ലഭ്യത കുറയുമെന്നാണ് ആശങ്കപ്പെട്ടത്. എന്നാൽ പ്രതിഭാസത്തിന് കാരണമാകുന്ന സാഹചര്യവും അത് ആശങ്കപ്പെടേണ്ടതല്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വിശദീകരിക്കുകയായിരുന്നു.

കനത്ത മൺസൂൺ നീരൊഴുക്ക് തീരക്കടലുകളെ പോഷകസമ്പുഷ്ടമാക്കുന്നു. ഇത് കാരണം നൊക്റ്റിലൂക്ക സിന്റിലാൻസ് എന്ന ഡൈനോഫഌജെലേറ്റ് മൈക്രോ ആൽഗ പെരുകും. അതിനാലാണ് ‘ബ്ലൂം’ എന്ന ഈ പ്രതിഭാസം പ്രകടമാകുന്നത്. തീരങ്ങളിൽ മാത്രമല്ല, കരയിൽ നിന്നും 40 കിലോമീറ്റർ ഉള്ളിൽ ഏകദേശം 40 മീറ്റർ ആഴമുള്ള കടലിലും ചുവന്നതിര പ്രതിഭാസമുണ്ടെന്ന് സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്‌സിറ്റി ആന്റ് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം നടത്തിയ ഫീൽഡ് സർവേയിൽ കണ്ടെത്തി.
രാത്രികാലങ്ങളിൽ ചുവന്നതിരകൾ കവര് (ബയോലൂമിനസ്സെൻസ്) എന്ന പ്രതിഭാസം പ്രകടമാക്കുന്നു.
ഈ സൂക്ഷ്മ പ്ലവകങ്ങൾ വെള്ളത്തിന് ഓറഞ്ച് കലർന്ന ചുവപ്പ് നിറം നൽകുന്നു. ആഗസ്ത് ആദ്യം മുതൽ കൊയിലാണ്ടി, ചാവക്കാട്, എടക്കഴിയൂർ, നാട്ടിക, ഫോർട്ട് കൊച്ചി, പുത്തൻതോട്, പുറക്കാട്, പൊഴിക്കര എന്നിവയുൾപ്പെടെ നിരവധി ബീച്ചുകളിൽ നിന്ന് ബയോലൂമിനസെന്റ് റെഡ് ടൈഡുകൾ ദൃശ്യമായിരുന്നു.

മത്സ്യസമ്പത്തിന് നേരിട്ട് ദോഷകരമാകുന്നതല്ല ഈ പ്രതിഭാസം. റെഡ് ടൈഡ് പ്രദേശങ്ങളിൽ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ മീനുകൾ ഈ മേഖലയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. പലമീനുകളുടെയും ഭക്ഷണമായ ഡയാറ്റമുകൾ, ബാക്ടീരിയകൾ, മറ്റ് പ്ലവകങ്ങൾ തുടങ്ങിയവ ഈ ആൽഗകൾ ഭക്ഷിക്കുന്നതിനാൽ തീവ്രമായ ആൽഗൽ ബ്ലൂം ഉണ്ടാകുമ്പോൾ മീനുകളുടെ ഭക്ഷ്യലഭ്യതയെ സാരമായി ബാധിച്ചേക്കും. ഇത്തരം സാഹചര്യം മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ ബാധിക്കുമെന്ന് സിഎംഎഫ്ആർഐ ശാസത്രജ്ഞർ പറഞ്ഞു.

By admin