
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിആര്‍ പ്രചാരണത്തില്‍ ഒന്നുകൂടി പരാജയപ്പെട്ടു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമിയില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പ് നടന്‍ മമ്മൂട്ടിയെ കൊണ്ട് സന്ദര്‍ശിപ്പിച്ച് മറ്റൊരു ‘കേരളമാതൃക’യുടെ വ്യാജ പ്രതീതി സൃഷ്ടിക്കാനായിരുന്നു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിച്ചത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ അതിരുകടന്ന ഇടപെടലിനെതിരെയുള്ള മമ്മൂട്ടിയുടെ അമര്‍ഷത്തോടെയുള്ള പ്രതികരണത്തോടെയാണ് പിആര്‍ വര്‍ക്കിന്റെ പൊള്ളത്തരം പുറത്തായത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടി ടൗണ്‍ഷിപ്പ് നടന്ന് കണ്ട് അതിന്റെ പ്രതികരണം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാനായിരുന്നു ശ്രമം. മഹാനടന്റെ സ്വാഭാവിക സന്ദര്‍ശനമെന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ‘തിരക്കഥാകൃത്തു’ക്കള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിന്റെ അതിരുകടന്ന ഇടപെടലോടെ ആ ശ്രമം പൊളിഞ്ഞു. ‘നിങ്ങള്‍ എന്റെ കൂടെ എപ്പോഴും നടക്കുന്നതെന്തിനാണ്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് വിചാരിക്കില്ലേ, മാറി നിന്നാല്‍ മതി’ എന്നായിരുന്നു മമ്മൂട്ടിയുടെ കടുത്ത പ്രതികരണം. റഫീക്കിന്റെ അമിത ഇടപെടലാണ് മമ്മൂട്ടിയെകൊണ്ട് ഇത് പറയിപ്പിച്ചത്.
സിപിഎമ്മിന്റെ സമൂഹമാധ്യമ ശൃംഖലയും സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ഒരുക്കുന്ന പരിപാടികളുടെ ഭാഗമായാണ് നടന്റെ സന്ദര്‍ശനവും ആസൂത്രണം ചെയ്തത്. ഇത് പൊളിഞ്ഞതിന്റെ അരിശം കൂടിയാണ് നടനെതിരെ പിന്നീട് കടുത്ത വിദ്വേഷ പ്രചാരണത്തിന്നും സൈബര്‍ ആക്രമണത്തിനും ഇടയാക്കിയത്.
സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും അണികളും നേതാക്കളും മമ്മൂട്ടിക്കെതിരെ തിരിഞ്ഞു. ഇടത് സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയിലാണ് മമ്മൂട്ടിയെ ചീത്തവിളിച്ചത്. ഇതിനിടയില്‍ മമ്മൂട്ടി നേരില്‍ വിളിച്ച് സംസാരിച്ചുവെന്നും മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചില്ലെന്ന വാദവുമായി റഫീക്കും രംഗത്തെത്തിയിട്ടുണ്ട്.
ഫോണില്‍ തന്നെ വിളിച്ചെന്നും തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പ്രകടിപ്പിച്ചതെന്നുമാണ് റഫീക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ സ്വയം ആശ്വസിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഒരുക്കിയ ആസൂത്രിത പ്രചാരണത്തിന്റെ കാറ്റ്‌പോയതാണ് ഇക്കഴിഞ്ഞ ദിവസം ചൂരല്‍മലയില്‍ കണ്ടത്.