
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പും പൊതുസമൂഹത്തില്‍ പാര്‍ട്ടിയെടുക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യം എല്ലാക്കാലത്തും ചൂടന്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുറിച്ച് മേനി പറയുമ്പോള്‍ പിണറായി വിജയനെപ്പോലുള്ളവര്‍ വിദഗ്ധ ചികിത്സതേടി മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലേക്ക് ഓടുന്നു.
കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റിയും മലയാളഭാഷയെപ്പറ്റിയും പൊതുവേദികളില്‍ സിപിഎം നേതാക്കള്‍ ഊറ്റം കൊള്ളുമ്പോള്‍ നേതാക്കളുടെ മക്കള്‍ സ്വകാര്യസ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും പഠിച്ച് പുറത്ത് ഉയര്‍ന്ന ശമ്പളമുള്ള വെള്ളക്കോളര്‍ ജോലി സമ്പാദിക്കുകയാണ്. ബക്കറ്റ് പിരിവിനെക്കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ കോര്‍പറേറ്റുകളില്‍ നിന്നും വന്‍ബ്ലേഡ് മുതലാളിമാരില്‍ നിന്നും സ്വീകരിക്കുന്ന കോടികളുടെ സംഭാവനകളും മറ്റൊരു ഇരട്ടത്താപ്പാണ്.
ഇപ്പോഴിതാ ആ ഇരട്ടത്താപ്പിനുള്ള മറ്റൊരു ഉദാഹരണമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനന്‍ ഇംഗ്ലണ്ടില്‍ കുടുംബസമേതം പോയതിന്റെ ചിത്രം പ്രചരിക്കുകയാണ്. 2024ല്‍ എടുത്ത ഫോട്ടോയാണിത്. ഇംഗ്ലണ്ടില്‍ പഠിച്ച മകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോഹനന്‍ പോയത്. കോട്ടും സ്യൂട്ടും അണിഞ്ഞുള്ള മോഹനന്റെ ചിത്രം ഒരു ബൂര്‍ഷ്വാ സ്വഭാവം ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ ചിത്രത്തിനൊപ്പം പുഷ്പനെ അറിയാമോ എന്ന വരിയും കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കപ്പെട്ട ചിത്രം വൈറലായി വീണ്ടും പ്രചരിക്കുകയാണ്.
പരിയാരത്ത് സ്വാശ്രയ കോളെജ് അനുവദിച്ച എം.വി. രാഘവന്റെ നടപടിക്കെതിരെ ഡിവൈഎഫ് ഐ നടത്തിയ സമരത്തിനെതിരെ വെടിവെയ്‌പു നടന്നു. അതില്‍ പരിക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷി ആയ വ്യക്തിയാണ് പുഷ്പന്‍. പക്ഷെ സ്വാശ്രയകോളെജിനെതിരെ സിപിഎം നിലപാട് എടുക്കുമ്പോഴും നേതാക്കളുടെ മക്കളെ വിദേശസര്‍വ്വകലാശാലകളിലേക്കും ഇന്ത്യയിലെ മികച്ച സ്വാശ്രയ കോളെജുകളിലേക്കും പഠനത്തിന് അയയ്‌ക്കുകയാണ്. മോഹനന്റെ ഫോട്ടെ പങ്കുവെയ്‌ക്കുമ്പോഴും പുറത്തുവരുന്നത് ഈ അമര്‍ഷം തന്നെയാണ്. പിണറായി വിജയന്റെ മകള്‍ വീണ പഠിച്ചത് മാതാ അമൃതാനന്ദമയി സ്ഥാപിച്ച സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജിലാണ്.