ഓവല്‍ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെമികച്ച പ്രകടനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ഇംഗ്ലണ്ടിന് 23 റണ്‍സ് മാത്രമാണ് ലീഡ് പിടിക്കാനായത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങും ആരംഭിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ ഏഴു റണ്‍സുമായി കെ.എല്‍. രാഹുലാണ് പുറത്തായത്. അതേസമയം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഓപ്പണര്‍ യശസ്വി ജയ്സ്വാളും (31 പന്തില്‍ 38) സായ് സുദര്‍ശനും (0) ക്രീസിലുണ്ട്. ഒന്‍പതു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ ലീഡുണ്ട്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 224 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ക്രിസ് വോക്‌സ് പരുക്കേറ്റ് പുറത്തായതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്രൗലി 57 പന്തില്‍ 14 ഫോറുകളോടെ 64 റണ്‍സെടുത്തു. ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചറി നേടി. ബ്രൂക്ക് 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തു.ബെന്‍ ഡക്കറ്റ് 38 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 43 റണ്‍സെടുത്തു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേടിയ ആദ്യ വിക്കറ്റ് ആകാശ്ദീപും സ്വന്തമാക്കി. മുഹമ്മദ് സിറാജ് 16.2 ഓവറില്‍ 86 റണ്‍സ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 62 റണ്‍സ് വഴങ്ങിയുമാണ് നാലു വിക്കറ്റ് വീതം വീഴ്ത്തിയത്. ആകാശ്ദീപ് 17 ഓവറില്‍ 80 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.