
ആലപ്പുഴ: ജില്ലയുടെ കായിക സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഇഎംഎസിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം സര്‍ക്കാരിന്റെ അനാസ്ഥയില്‍ നശിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള പുനര്‍ നിര്‍മ്മാണ പ്രഖ്യാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായെങ്കിലും തുടര്‍ പ്രവര്‍ത്തനം നടന്നില്ല. 2010 ആഗസ്ത് 28നാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ചെയ്തത്. എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയമായിരുന്നു തയാറാക്കിയിരുന്നത്. 13000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു പ്രഖ്യാപനത്തില്‍.
സ്ഥലം ഏറ്റെടുത്തതു മുതല്‍ ഇതുവരെയുള്ള കാലത്തില്‍ വിജിലന്‍സ് അന്വേഷണവും വിവാദങ്ങളും ആയിരുന്നു ഇഎംഎസ് സ്റ്റേഡിയത്തിന്റെ പേരില്‍ നടന്നത്. 124 കടമുറികള്‍, ശുചിമുറികള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുമുണ്ട്. ഫുട്‌ബോള്‍ കോര്‍ട്ട് പദ്ധതിയില്‍ ഉണ്ടെങ്കിലും ചെയ്തില്ല. നിര്‍മിച്ച കടമുറികളും ശുചിമുറികളും ഇപ്പോള്‍ ജീര്‍ണിച്ചു. ഗാലറി പൂര്‍ണമായി തകര്‍ന്നു. മറ്റൊരു ഗാലറി നിര്‍മിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണു കെട്ടിടം. ശുചിമുറികള്‍ ഒന്നുപോലും ഉപയോഗിക്കാന്‍ പറ്റുന്നതല്ല.
ഉദ്ഘാടനത്തിന് ശേഷം കാര്യമായ ഒരു മത്സരവും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. കയര്‍ മേളയും വിവിധ പ്രദര്‍ശനങ്ങളും, സര്‍ക്കസുകളും, രാഷ്‌ട്രീയ, മത സംഘടനകളുടെ സമ്മേളനവും മാത്രം നടത്താനുള്ള സ്ഥലം മാത്രമായി പിന്നീട് ഇത് മാറി. ഇതിനിടെ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നശിച്ചു. ഇവിടെ പാകിയിരുന്ന ടൈലുകള്‍ മോഷണം പോകുന്ന സാഹചര്യം വരെ ഉണ്ടായി. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് സ്റ്റേഡിയം കായിക വകുപ്പിന് വിട്ടുനല്‍കി. തുടര്‍ന്ന് 2020 ജനുവരിയില്‍ രണ്ടാംതവണ നിര്‍മ്മാണ ഉദ്ഘാടനം നടത്തി.
2021 ഒക്ടോബര്‍ ഒന്നിന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന ചെറിയ തടസങ്ങള്‍ പരിഹരിച്ചെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കുകയും ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.
കായിക വകുപ്പ് കിഡ്ക്കോയെ ഏല്‍പ്പിച്ചതിനെ തടുര്‍ന്ന് ടര്‍ഫ്, സംരക്ഷണ വേലി എന്നിവയുടെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നുണ്ട്. ഇഎംഎസ് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം ജില്ലയിലെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം ജില്ലയില്‍ എങ്ങുമില്ല. ഈ സാഹചര്യത്തില്‍ ഇഎംഎസ് സ്റ്റേഡിയം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ജില്ലാ സ്‌കൂള്‍ കായിക മേള പോലും കാര്യക്ഷമമായി നടത്താന്‍ നല്ല ട്രാക്കും ഗ്രൗണ്ടും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കഴിയുന്നില്ല.