• Thu. May 8th, 2025

24×7 Live News

Apdin News

ഇക്കൊല്ലം ഭാരതം ലോകത്തെ നാലാം സമ്പദ് വ്യവസ്ഥയാകും: ഐഎംഎഫ്

Byadmin

May 7, 2025



ന്യൂദല്‍ഹി: 2025ല്‍ ഭാരതം ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). നാലാം സ്ഥാനത്തുള്ള ജപ്പാനെ പിന്തള്ളിയാണ് ഭാരതം ഈ സ്ഥാനത്തേക്ക് ഉയരുക. ഇതോടെ 2025ല്‍ ഭാരതത്തിന്റെ ജിഡിപി 4,187.017 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷ. 4,186.431 ബില്യണ്‍ ഡോളറാണ് ജപ്പാന്റേത്.

നിലവില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. 2025ല്‍ ഭാരതത്തിന്റെ വളര്‍ച്ച 6.2 ശതമാനത്തിലെത്തുമെന്നും സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നുമാണ് വേള്‍ഡ് ഇക്കണോമിക്‌സ് ഔട്ട്‌ലുക്ക് (ഡബ്ല്യൂഇഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 2025ലെ ഭാരതത്തിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനം ഐഎംഎഫ് അതിന്റെ പുതിയ വേള്‍ഡ് ഇക്കണോമിക്‌സ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ 6.2% ആയി കുറച്ചു. ജനുവരിയിലെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച 6.5% എന്ന മുന്‍ പ്രവചനത്തെക്കാള്‍ ഇതു കുറവാണ്.

ജപ്പാനെ മറി കടന്നതിനു പിന്നാലെ വരുംവര്‍ഷങ്ങളില്‍ ജര്‍മനിയെയും ഭാരതം പിന്തള്ളി മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2028 ആകുമ്പോഴേക്കും ഭാരതത്തിന്റെ ജിഡിപി 5,584.476 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ജര്‍മനിയുടെ 5,251.928 ബില്യണ്‍ ഡോളറിനെക്കാള്‍ കൂടുതലാകും. 2027ല്‍ ഭാരതം അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും ജിഡിപി 5,069.47 ബില്യണ്‍ ഡോളറായിരിക്കുമെന്നും ഐഎംഎഫ് അനുമാനിക്കുന്നു.

2025ലും ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ് വ്യവസ്ഥകളായി അമേരിക്കയും ചൈനയും തുടരും. അതേ സമയം ചൈനയെ പിന്തള്ളി യുഎസിന്റെ ജിഡിപി 30,507.217 ബില്യണ്‍ ഡോളറായുയരും. 19,231.705 ബില്യണ്‍ ഡോളറായിരിക്കും ചൈനയുടേത്.

By admin