
ആലപ്പുഴ: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അനുനയ നീക്കത്തിന്റെ ഭാഗമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. സുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞ് മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി സുധാകരന്റെ വീട്ടിൽ എത്തില്ലെന്ന് വ്യക്തമായി.
ഇന്ന് രാവിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. മുഖ്യമന്ത്രി എത്തില്ലെന്ന് വ്യക്തമായതോടെ ഫേസ്ബുക്കിൽനിന്ന് ലൈവ് നീക്കംചെയ്തു. എന്നാൽ ഇത് സുധാകരന്റെ അറിവോടെയായിരുന്നല്ല എന്നാണ് വിവരം. അനുമതിയില്ലാതെ അഡ്മിനാണ് ലൈവിട്ടതെന്നാണ് ജി.സുധാകരൻ നൽകുന്ന വിശദീകരണം. ഉദ്ഘാടനത്തിന്റെ ലൈവിട്ടതോടെ സുധാകരൻ പാർട്ടിയോട് അടുക്കുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്.