• Mon. Mar 23rd, 2026

24×7 Live News

Apdin News

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Byadmin

Mar 23, 2026


കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുളള പത്രികാ സമര്‍പ്പണത്തിനുളള സമയം ഇന്ന് വൈകുന്നേരം അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇടതിനും വലതിനും വിമത ഭീഷണി. അതേസമയം മാസങ്ങള്‍ക്ക് മുന്നേ മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് ഐക്യകണ്‌ഠേന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച എന്‍ഡിഎ മുന്നണി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ശക്തമായ ത്രികോണ മത്സരത്തിനുളള സാധ്യത തെളിഞ്ഞതോടെ ശ്രദ്ധേയ പോരാട്ടമാണ് ജില്ലയില്‍ ഇക്കുറി നടക്കുക. കെ. സുധാകരന് സീറ്റ് നല്‍കാത്തതിനെ ചൊല്ലിയും പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിട്ടവരെ പിന്താങ്ങാനുളള തീരുമാനത്തിലും യുഡിഎഫില്‍ രൂപം കൊണ്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുകയാണ്. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാവ് വിമതനായി മത്സരരംഗത്തിറങ്ങി കഴിഞ്ഞു. എല്‍ഡിഎഫിലാകട്ടെ പാര്‍ട്ടിയുടെ രണ്ട് ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും പ്രമുഖ സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ട് വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുവെന്നത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണിജോസഫ് തുടങ്ങി പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളടക്കം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇക്കുറി ശ്രദ്ധേയമായ പോരാട്ടമാണ്. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ മുന്നേറ്റത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ സിപിഎമ്മിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം തവണ ജനവിധി തേടുകയാണ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സ്വന്തം സീറ്റ് നിലനിര്‍ത്താനുളള ശ്രമത്തിലാണ്. പല മണ്ഡലങ്ങളിലേയും മത്സരം സംസ്ഥാനമാകെ ശ്രദ്ധിക്കുന്ന പോരാട്ടങ്ങളാണ്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി കെ. രഞ്ചിത്ത്(ധര്‍മ്മടം), എന്‍. ഹരിദാസ്(തളിപ്പറമ്പ്), കെ.കെ. വിനോദ്കുമാര്‍(അഴീക്കോട്), ഒ. നിധീഷ്(തലശ്ശേരി), ബിജുഏളക്കുഴി(മട്ടന്നൂര്‍), അഡ്വ. ഷിജിലാല്‍(കൂത്തുപറമ്പ്), സി. രഘുനാഥ്(കണ്ണൂര്‍), എ.പി. ഗംഗാധരന്‍(പയ്യന്നൂര്‍), ഏ.വി. സുനില്‍(കല്ല്യാശ്ശേരി) എന്നീ ബിജെപി നേതാക്കളും ഇരിക്കൂറില്‍ ഘടകകക്ഷിയായ ട്വന്റി ട്വന്റിക്ക് വേണ്ടി പി. ശ്രീനാഥും പേരാവൂരില്‍ ബിഡിജെഎസിലെ പൈലി വാത്യാട്ടുമാണ് മത്സര രംഗത്തുളളത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് ഏറെ നാള്‍ ഉത്തരം കിട്ടാതിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ ഒടുവില്‍ മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തെങ്കിലും മണ്ഡലത്തിലേയും ഒപ്പം ജില്ലയിലേയും കോണ്‍ഗ്രസിലെ ഭിന്നത യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്ക യുഡിഎഫ് നേതാക്കള്‍ക്കുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍ഡി.എഫ് ടിക്കറ്റ് കോണ്‍ഗ്രസ്-എസ്സിനാണ്. സിറ്റിംഗ് സീറ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് രംഗത്തുളളത്.

തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം ജില്ലാ ഘടകങ്ങളില്‍ സ്ഥാനം വഹിച്ചിരുന്ന വ്യക്തിത്വങ്ങള്‍ മുന്നണി മാറി കളത്തിലിറങ്ങുകയാണ്. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍, തളിപ്പറമ്പില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫായി പയ്യന്നൂരില്‍ സിറ്റിംഗ് എംഎല്‍എ. ടി.ഐ. മധുസൂദനനും തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും രംഗത്തുണ്ട്.
യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് കണ്ണൂരില്‍ രണ്ടു സീറ്റിലാണ് ജനവിധി തേടുന്നത് അഴീക്കോടും കൂത്തുപറമ്പും. ഇരു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്. അഴീക്കോട്ട് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരിം ചേലേരി, കൂത്തുപറമ്പില്‍ ലീഗ് വനിത സ്ഥാനാര്‍ഥി ജയന്തി രാജ്. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് ബാനറില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി പി.കെ. പ്രവീണും അഴീക്കോട് സിറ്റിംഗ് എംഎല്‍എ. കെ.വി. സുമേഷും മത്സര രംഗത്തുണ്ട്.

മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് (എല്‍ഡിഎഫ്), കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി (യുഡിഎഫ്) എന്നിവരും മത്സരിക്കുന്നു. തലശേരിയില്‍ കാരായി രാജന്‍ (എല്‍ഡിഎഫ്), കെ.പി. സാജു (യുഡിഎഫ്) എന്നിവരാണ് മത്സരിക്കുന്നത്. ഇരിക്കൂറില്‍ യുഡിഎഫിനായി സിറ്റിംഗ് എംഎല്‍എ സജീവ് ജോസഫ് രണ്ടാം തവണ ജനവിധി തേടുമ്പോള്‍, കേരള കോണ്‍ഗ്രസ്-എം ടിക്കറ്റില്‍ അഡ്വ. മാത്യു കുന്നപ്പള്ളിയാണ് എല്‍ഡിഎഫിനു വേണ്ടി മത്സര രംഗത്തുളളത്. കല്യാശ്ശേരിയില്‍ സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ എം.വിജിനും കോണ്‍ഗ്രസിലെ രാജിവന്‍ കപ്പച്ചേരിയുമാണ് മത്സരിക്കുന്ന മറ്റ് രണ്ടു പേര്‍ ഇന്ന് പത്രികാ സമര്‍പ്പണം കഴിയുകയും നാളെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ പ്രചരണ രംഗം കൂടുതല്‍ ചൂടുപിടിക്കും.



By admin