
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത് ശബരിമല സ്വര്‍ണക്കൊള്ളയും കോണ്‍ഗ്രസ് എംഎല്‍എയുടെ ബലാത്സംഗക്കേസുകളും. വികസനം ചര്‍ച്ചയാക്കിയത് എന്‍ഡിഎ മാത്രം. എല്‍ഡിഎഫും യുഡിഎഫും ആരോപണ ശരങ്ങളേറ്റ് പ്രതിരോധത്തിലായപ്പോള്‍ ഇരുമുന്നണികള്‍ക്കെതിരെയും ആഞ്ഞടിച്ച് എന്‍ഡിഎ കളംപിടിച്ചു.
2026 നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ഉറപ്പാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ കടുത്ത പോരാട്ടമാണ് നടന്നത്.
മാറ്റം ഉറപ്പാക്കാന്‍ എന്‍ഡിഎയും, ഭരണത്തുടര്‍ച്ചയ്‌ക്കായി എല്‍ഡിഎഫും, ജനദ്രോഹ സര്‍ക്കാരിനെ മാറ്റാനായി യുഡിഎഫും രംഗത്തു വന്നു. എന്നാല്‍ വികസന വിഷയങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ വൈകാരിക വിഷയങ്ങളാണ് ഇടതുവലതു മുന്നണികള്‍ കൈകാര്യം ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിനെതിരെയുള്ള ആയുധമായി യുഡിഎഫ് ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ ബലാത്സംഗ കേസുകളാണ് എല്‍ഡിഎഫ് പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഈ രണ്ടു വിഷയങ്ങളും ഇരുമുന്നണികള്‍ക്കെതിരെ ആയുധമായി ബിജെപിയും ഉപയോഗിച്ചതോടെ എന്‍ഡിഎയ്‌ക്ക് മൂന്‍തൂക്കം ലഭിച്ചു.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന സിപിഎം നേതാക്കള്‍ എ. പത്മകുമാറും, എന്‍ വാസുവും അകത്തായതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ അന്വേഷണ മുന നീളുന്നതും സിപിഎമ്മിനെ വെട്ടിലാക്കി.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനപക്ഷ പ്രവര്‍ത്തനങ്ങളും, പാവപ്പെട്ടവര്‍ക്കും മുതിര്‍ന്നവര്‍ക്കും, കര്‍ഷകര്‍ക്കുമുള്ള ക്ഷേമപദ്ധതികളും, അഴിമതി രഹിത ഭരണവും ഉയര്‍ത്തിയായിരുന്നു എന്‍ഡിഎ പ്രചാരണം.
പോസ്റ്ററുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.
ഗ്രൂപ്പ് യുദ്ധം മൂര്‍ച്ചിക്കാനുള്ള സാദ്ധ്യതയുള്ളതിനാലും, നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനാലും ഒരു നേതാവിന്റെയും ചിത്രം ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനുമായില്ല.