• Fri. Nov 21st, 2025

24×7 Live News

Apdin News

ഇടതു സര്‍ക്കാരിന് ഇടിത്തീയായി പത്മകുമാറിന്റെ അറസ്റ്റ്

Byadmin

Nov 21, 2025



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍. തെരഞ്ഞെടുപ്പ് വേളയിലെ അറസ്റ്റിനു രാഷ്‌ട്രീയ പ്രാധാന്യവും ഏറെ. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പത്മകുമാര്‍ ആറന്മുള വിമാനത്താവള സമരാനന്തരം പിണറായി വിജയന്റെ അതിവിശ്വസ്തനുമായിരുന്നു എന്നതിനാല്‍ ഈ അറസ്റ്റ് സിപിഎമ്മിനു വന്‍ തിരിച്ചടിയാകും.

ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ എംഎല്‍എ, കര്‍ഷക സംഘം മുന്‍ സംസ്ഥാന നേതാവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, നിലവില്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് പത്മകുമാര്‍. എന്‍. വാസുവിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കുകയാണ് ഈ അറസ്റ്റ്.

കേസില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണര്‍ ബൈജു അടക്കമുള്ള പ്രതികള്‍ പോറ്റി വശം പാളികള്‍ കൊടുത്തയയ്‌ക്കാന്‍ നിര്‍ദേശിച്ചത് പത്മകുമാറാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് വിശേഷിപ്പിച്ച് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സമര്‍പ്പിച്ച ശിപാര്‍ശ കത്തില്‍ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡ് യാതൊരു മാറ്റവും വരുത്താതെയാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കത്ത് നല്‍കാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചിരുന്നതായുള്ള വാസുവിന്റെ മൊഴിയും തെളിവായി എസ്‌ഐടി സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പോറ്റിക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് പത്മകുമാര്‍ നല്‍കിയത്. പോറ്റിയുടെ ബന്ധുക്കള്‍ ദര്‍ശനത്തിനെത്തുമ്പോള്‍, പത്മകുമാര്‍ തന്റെ മുറി അവര്‍ക്കു വേണ്ടി ഒഴിഞ്ഞു കൊടുത്തിരുന്നു എന്ന ജീവനക്കാരുടെ മൊഴികളും പ്രധാന തെളിവുകളാണ്.

കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോട് പത്മകുമാര്‍ പ്രതികരിച്ച രീതിയും എസ്‌ഐടി നിരീക്ഷിച്ചിരുന്നു. ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അല്ലെന്നും അത് ചെമ്പാണെന്നും ആദ്യം പ്രതികരിച്ചത് പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കര്‍ണാടക ജലഹള്ളിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ശബരിമലയില്‍ എത്തിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും 2018-19 കാലത്തിന് മുമ്പേ പോറ്റിയുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞ പത്മകുമാര്‍ പോറ്റിയുമായി അടുത്ത ബന്ധം എപ്പോഴും മറച്ചുവയ്‌ക്കുകയും ചെയ്തു.

എന്നാല്‍ കട്ടിളപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തി 2019 മാര്‍ച്ച് 19 ന് പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിടാന്‍ തയാറാക്കിയ ഒരു പേപ്പറിലും പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ ഒപ്പിട്ടിരുന്നില്ല. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ നിരപരാധിത്തം വ്യക്തമാക്കാന്‍ മനപൂര്‍വ്വം ഒപ്പിടാതെ ഒഴിഞ്ഞുമാറിയതാണെന്നാണ് എസ്‌ഐടിയുടെ നിഗമനം.

By admin