നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ തള്ളി ആര്യാടൻ ഷൗക്കത്ത്. താൻ ഇടതു സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തന്റെ പിതാവിൻറെ പാരമ്പര്യമാണ്.
അവസാന നിമിഷത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത്. അങ്ങനെയുള്ള ഒരു പിതാവിൻറെ മകനാണെന്നും തൻറെ മൃതശരീരത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലമ്പൂർ കാതോർത്തിരിക്കുകയാണ്. യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിം ലീഗും കോൺഗ്രസും, തിരഞ്ഞെടുപ്പിനായി മണ്ണും മനസ്സും ഒരുക്കി കാത്തിരിക്കുകയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല
ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വിജയിക്കും. പി വി അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.