• Tue. Aug 12th, 2025

24×7 Live News

Apdin News

ഇടിക്കൂട്ടില്‍ വീണ്ടും ദുരന്തം; രണ്ട് ജാപ്പനീസ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

Byadmin

Aug 12, 2025



ടോക്കിയോ: ബോക്‌സിങ് റിങ്ങില്‍നിന്ന് വീണ്ടും ദുരന്ത വാര്‍ത്ത. അതും ഒരു ദിവസത്തെ ഇടവേളയില്‍. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ബോക്‌സിംഗ് ടൂര്‍ണമെന്റിനിടെ രണ്ട് യുവതാരങ്ങളാണ് മരിച്ചത്.

തലയ്‌ക്കേറ്റ മാരക പരിക്കുകളെ തുടര്‍ന്ന് 28കാരനായ ജാപ്പനീസ് ബോക്‌സിംഗ് താരം ഹിരോമസ ഉറകാവ ഞായറാഴ്ചയാണ് മരിച്ചത്. ജപ്പാന്‍ സ്വദേശിയായ യോജി സെയ്‌റ്റോയെന്ന ബോക്‌സിംഗ് താരവുമായുള്ള മത്സരത്തിനിടെയാണ് ഹിരോമസയ്‌ക്ക് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ഇരുവരും പങ്കെടുത്ത ബോക്‌സിംഗ് മത്സരം നടന്നത്. ടോക്കിയോയിലെ കൊറാകുവേനില്‍ വച്ചായിരുന്നു ഈ മത്സരം.

ഷിഗെറ്റോസി കോടാരി എന്ന 28 കാരനായ ബോക്‌സിംഗ് താരത്തിന്റെ മരണം സംഭവിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ആണ് ഹിരോമസയുടെ മരണം. യാമാറ്റോ ഹാറ്റ എന്ന ബോക്‌സറുമായി പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിനൊടുവിലാണ് ഷിഗെറ്റോസി കോടാരി കുഴഞ്ഞ് വീണത്.

തലയ്‌ക്കേറ്റ പരിക്കിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ഇരുവരുടേയും മരണ കാരണം. ജാപ്പനീസ് ബോക്‌സിറങ്ങില്‍ മരണമേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

By admin