ഇടുക്കി: സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ അനിശ്ചിതകാല സമരം ഡിഎംഇ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. ഈ മാസം 21നു മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഡിഎംഇ ഉറപ്പുനല്‍കി.എന്നാല്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 21 മുതല്‍ വീണ്ടും സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
ഹോസ്റ്റല്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.വിദ്യാര്‍ഥികളെ പിന്തുണച്ച് വിവിധ നേഴ്‌സിംഗ് സംഘടനകളും രക്ഷിതാക്കളും ഒപ്പം ഉണ്ടായിരുന്നു.
2023ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇടുക്കി നഴ്‌സിംഗ് കോളേജില്‍ 120 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.മെഡിക്കല്‍ കോളേജ് താല്‍ക്കാലിക കെട്ടിടത്തില്‍ ഒരുക്കിയ ക്ലാസ് മുറികളില്‍, അടിസ്ഥാന സൗകര്യം പോലുമില്ലാതെയാണ് പഠനം നടത്തുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നത്.
മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിലാണ് പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരു മുറിയില്‍ 16 പെണ്‍കുട്ടികളാണ് താമസിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് പേരിനു പോലും ഹോസ്റ്റല്‍ സൗകര്യമില്ല. സര്‍ക്കാരും മന്ത്രി റോഷി ആഗസ്റ്റിനും പലതവണ ഉറപ്പ് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പുതിയ നഴ്‌സിംഗ് ബാച്ചില്‍ 60വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരം ഉണ്ടാകും വരെ ഇടുക്കി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സമരം നടത്താനായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം.തുടര്‍ന്നാണ് ഡിഎംഇയുമായി ചര്‍ച്ച നടന്നത്.