• Wed. Nov 19th, 2025

24×7 Live News

Apdin News

ഇതാണ് പിഎം ശ്രീ വിദ്യാലയം; തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയം

Byadmin

Nov 19, 2025



പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) എന്ന പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുമ്പോള്‍ പദ്ധതി ഒരു വിദ്യാലയത്തെ എത്രമാത്രം മുന്നോട്ടു നയിക്കും എന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയം.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പഠനം, അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍, രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം. 2020ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് 2022 സപ്തംബറില്‍ പിഎം ശ്രീ അവതരിപ്പിച്ചത്. കേരളം ഒപ്പു വച്ചെങ്കിലും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 2023 ലാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കിയതിനു ശേഷം പട്ടം കേന്ദ്രീയ വിദ്യാലയത്തിനുണ്ടായ മാറ്റങ്ങളിലൂടെ….

പിഎം ശ്രീയുടെ ഭാഗമായുള്ള പഠന രീതികളെല്ലാം വളരെ ഉത്സാഹപൂര്‍വ്വമാണ് കുട്ടികള്‍ ഏറ്റെടുത്തത്. ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി 3500 വിദ്യാര്‍ത്ഥികള്‍ പട്ടം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. സ്വയം പ്രതിരോധത്തിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും പിഎം ശ്രീ പദ്ധതി വഴി സാധിക്കുന്നു.
-പ്രിന്‍സിപ്പാള്‍ ഗിരിശങ്കരന്‍ തമ്പി

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍

പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയ ശേഷം അമ്പതു ക്ലാസ് റൂമുകളും സ്മാര്‍ട്ട് ക്ലാസുകളായി. എല്ലാ ക്ലാസ് റൂമുകളിലും ഇന്ററാക്ടീവ് പാനല്‍ സ്ഥാപിച്ചു. തയ്യല്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പോള്‍ട്രി തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കാന്‍ വൊക്കേഷണല്‍ ലാബുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പരിശീലനം ലഭിക്കുന്നുണ്ട്. എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനവും നല്‍കുന്നു. ഇതെല്ലാം ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ളതാണ്.

നവീകരിച്ചതും കാലിബ്രേറ്റ് ചെയ്തതുമായ അത്യാധുനിക ഭൗതികശാസ്ത്ര ലബോറട്ടറിയും ഒരുക്കിയിട്ടുണ്ട്. റെസിസ്റ്ററുകള്‍, മള്‍ട്ടിമീറ്റര്‍, വോള്‍ട്ട്മീറ്റര്‍, അമ്മീറ്റര്‍, ഗാല്‍വനോ മീറ്റര്‍, ബാറ്ററി എലിമിനേറ്റര്‍, മാഗ്നറ്റിക് കോമ്പസ്, ടോയ്‌സ് ലൈബ്രറി തുടങ്ങിയ ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ സ്‌കൂളിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നത് സുതാര്യമായ നടപടികളിലൂടെയാണ്. ജെം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ്) വഴിയാണ് എല്ലാ സാധനങ്ങളും പര്‍ച്ചേസ് ചെയ്യുന്നത്.

അടല്‍ തിങ്കറിങ് ലാബ്

വിദ്യാര്‍ത്ഥികളില്‍ നവീകരണം, സംരംഭകത്വം, സര്‍ഗ്ഗാത്മകത, നൂതനമായ കണ്ടുപിടുത്തങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അടല്‍ ഇന്നോവേഷന്‍ മിഷനാണ് സ്‌കൂളുകളില്‍ അടല്‍ തിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍, വിഭവങ്ങള്‍, മെന്റര്‍ഷിപ്പ് എന്നിവയിലേക്ക് പ്രവേശനം നല്‍കി പഠനത്തോടുള്ള പ്രായോഗിക സമീപനം വികസിപ്പിക്കാന്‍ സഹായിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ എസ്ടിഇഎം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ്), ഡിസൈനിങ്, നൂതനമായ പ്രശ്‌ന പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പല ഉപകരണങ്ങളും നിര്‍മിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു.

ദിവ്യാംഗ സൗഹൃദ കേന്ദ്രം

ദിവ്യാംഗരായ കുട്ടികളെയും മറ്റു കുട്ടികളോടൊപ്പം ഒരേ ക്ലാസ്സില്‍ പഠിപ്പിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം നിഷ്‌കര്‍ഷിക്കുന്നത്. അതനുസരിച്ച് പട്ടം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും ദിവ്യാംഗരായ ഇരുപതോളം കുട്ടികളാണ് വിവിധ ക്ലാസുകളില്‍ പഠിക്കുന്നത്. തുടര്‍ച്ചയായി ക്ലാസിലിരിക്കുന്ന ദിവ്യാംഗരായ കുട്ടികളുടെ മാനസികോല്ലാസത്തിനായി വെല്‍നെസ് സെന്റര്‍ പിഎം ശ്രീ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലും മികച്ച രീതിയില്‍ വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാനുള്ള വസ്തുക്കള്‍ ഉണ്ടെന്നുള്ളതാണ് സെന്ററിന്റെ പ്രത്യേകത.

ലൈബ്രറിയും ഇ-ലൈബ്രറിയും

ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങളും ഫര്‍ണിച്ചറുകളും പിഎം ശ്രീ ഫണ്ട് വഴി വാങ്ങി. പത്തു കമ്പ്യൂട്ടറുകള്‍ വാങ്ങുകയും ശാസ്ത്ര സംബന്ധമായതും അല്ലാത്തതുമായ ദേശീയവും അന്തര്‍ ദേശീയവുമായ ഇ-മാഗസിനുകള്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാല നവീകരിച്ചു. എല്ലാ പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ മെറ്റീരിയല്‍ റഫര്‍ ചെയ്യാനും ഇ-ലൈബ്രറി സൗകര്യമൊരുക്കുന്നു.

ഹരിത, പച്ചക്കറി ഗാര്‍ഡനുകള്‍

ചെടികളും മരങ്ങളും പച്ചപ്പുകളും വച്ചുപിടിപ്പിച്ച് സ്‌കൂളില്‍ ഹരിതഭംഗി വര്‍ദ്ധിപ്പിക്കുകയും, പച്ചക്കറി ഗാര്‍ഡനുകള്‍ സൃഷ്ടിക്കുകയും അതിലേക്കായി കമ്പോസ്റ്റുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ജലസേചനത്തിന് ഡ്രിപ് ഇറിഗേഷന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌കൂളിലെ എക്കോ ക്ലബ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പഠനയാത്രകള്‍

പിഎം ശ്രീ സ്‌കൂളുകളില്‍ ഒരു വര്‍ഷം രണ്ട് പഠനയാത്രകളെങ്കിലും സംഘടിപ്പിച്ചിരിക്കണം. പഠനയാത്രകള്‍ക്കായും പിഎം ശ്രീയില്‍ തുക വകയിരുത്തിയിട്ടുണ്ട്. എഞ്ചിനിയറിങ് കോളജ്, സിഎസ്‌ഐആര്‍, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വെള്ളായണി കാര്‍ഷിക കോളജ്, ഹിസ്റ്റോറിക്കല്‍ മ്യൂസിയങ്ങള്‍, സ്റ്റേറ്റ് ആര്‍ക്കൈവ്‌സ്, ഐഐഎസ്ആര്‍, നെടുമങ്ങാട് കൊട്ടാരം, രാജധാനി എന്‍ഞ്ചിനിയറിങ് കോളജ്, മാജിക് പ്ലാനറ്റ്, അഞ്ചുതെങ്ങ് പോര്‍ട്ട്, പദ്മനാഭപുരം കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളില്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കൊണ്ടുപോയി.

പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും ഒരു കോടിയിലധികം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങിയതും പിഎം ശ്രീ ഫണ്ടില്‍ നിന്നാണ്. എല്ലാ ക്ലാസ് മുറികളിലും സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതും പിഎം ശ്രീ ഫണ്ടില്‍ നിന്നാണ്.

By admin