വികസനത്തില്‍ രാജ്യത്ത് നിര്‍ണായക ഘടകമായി പ്രവര്‍ത്തിക്കുന്നതാണ് ദേശീയപാതകള്‍. രാജ്യത്ത് ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും പൊതുജനങ്ങള്‍ക്ക് കുറേ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ നാടിന്റെ പുരോഗതി ഓര്‍ത്ത് ഇതെല്ലാം സഹിക്കുകയാണ് പതിവ്. ഇത്രയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് പൂര്‍ത്തിയാക്കുന്ന ദേശിയ പാത ഉദ്ഘാടനത്തിനു മുമ്പുതന്നെ തകരുന്നത് നികുതി ദായകരായ സാധാരണക്കാര്‍ക്ക് സഹിക്കാനാകുന്നതല്ല. നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത 66ല്‍ ഒന്നിനുപിറകെ ഒന്നായി വിള്ളല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ത്തെ ശക്തമായ മഴയില്‍ മലപ്പുറം ജില്ലയിലെ കൂരിയാടാണ് ആദ്യം വിള്ളല്‍ പ്രത്യക്ഷപ്പെടുകയും സര്‍വീസ് റോഡ് ഇടിയുകയും ചെയ്തത്. പിന്നാലെ സമീപ പ്രദേശമായ തലപ്പാറയിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് സ്ഥലങ്ങളിലും മണ്ണിട്ട് ഉയര്‍ത്തിയ ഭാഗങ്ങളിലാണ് റോഡുകള്‍ പിളര്‍ന്നത്. കാസര്‍കോട് മാവുങ്കലിനു സമീപമാണ് പിന്നത്തെ തകര്‍ച്ച. ആറുവരിപ്പാതാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ചെങ്കളം- നിലേശ്വരം റിച്ചില്‍ ചൊവ്വാഴ്ചയാണ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിര്‍മ്മാണം പുരോഗമിക്കുന്ന മണത്തല മേല്‍പ്പാലത്തിലായിരുന്നു അടുത്ത വി ള്ളല്‍. 50 മീറ്റര്‍ നീളത്തിലേറെയാണ് ഇവിടെ വിള്ളല്‍ പ്രത്യ ക്ഷപ്പെട്ടത്. നിലവില്‍ ഈ ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. എങ്കിലും വിള്ളലിലൂടെ വെള്ളമിറങ്ങി റോഡ് തകരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കണ്ണൂര്‍ ജില്ല ജില്ലയിലെ തളിപ്പറമ്പ് കുപ്പത്തും ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി.
മലപ്പുറം കൂരിയാട് ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനി കമ്പനിയായ കെ.എന്‍.ആര്‍ കണ്‍ സ്ട്രക്ഷന്‍സിനെ ഡിബാര്‍ ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡ് തകര്‍ന്ന സംഭവത്തില്‍ ഡി.പി.ആര്‍ കണ്‍ സള്‍ട്ടന്റ് കമ്പനിക്കും കോണ്‍ട്രാക്ട് ഏറ്റെടുത്ത കെ.എന്‍. ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ കരാറുകളില്‍ ഇനി കമ്പനിക്ക് പങ്കെടുക്കാനാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നത് കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന ആന്ധ്രാ ക മ്പനിയാണ്. രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നീ രണ്ട് റിച്ചുകളുടെ നിര്‍മ്മാണമാണ് ഇവര്‍ നടത്തുന്നത്. 2021 ലാണ് കമ്പനിക്ക് കരാര്‍ ലഭിച്ചത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലവര്‍ഷത്തിന്റെ ദൈര്‍ഘ്യവും മറ്റും വേണ്ടത്ര മനസ്സിലാക്കാതെയാണ് കമ്പനി റോഡ് നിര്‍മ്മിച്ചതെന്ന് സംശയിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. തകര്‍ച്ചക്ക് ഉത്തരവാദികളായവരില്‍നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഈടാക്കാനുള്ള നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
നിര്‍മ്മാണ ചുമതല കെ.എന്‍.ആര്‍ കമ്പനിക്കാണെങ്കിലും രൂപകല്‍പനയും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതും ദേശീയ പാതാ അതോറിറ്റിയാണ്. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച അതോറിറ്റിയുടെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്ഥ സംഘമാണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. കമ്പനിക്കൊപ്പം നിര്‍മ്മാണം വിലയിരുത്തുന്ന ദേശീയപാതാ അതോറിറ്റിക്കും തകര്‍ച്ചയില്‍ പങ്കുണ്ട് എന്നര്‍ത്ഥം. ദേശീയ പാതയുടെ രൂപകല്‍പ്പന നിര്‍വഹിച്ച ദേശീയപാതാ അതോറിറ്റി കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എട്ട് മാസത്തിലേറെ നീണ്ട വര്‍ഷകാലമുള്ള കേരളത്തില്‍ മഴയും വെള്ളക്കെട്ടും പരിഗണിച്ചാണോ നിര്‍മ്മാണം നടത്തിയത് എന്ന ചോദ്യമടക്കം പ്രധാനമാണ്. കേരളത്തില്‍ നിര്‍മ്മിക്കുന്ന ദേശിയ പാതയുടെ 30 ശതമാനത്തിലേറെ നിലവിലുള്ള റോഡ് ഉയര്‍ത്തിയാണ് ഉണ്ടാക്കുന്നത്. കടന്നുപോകുന്ന പ്രദേശങ്ങളില്‍ 30 ശതമാനത്തിലേറെ വയലുകളും വെള്ളക്കെട്ടുകളുമാണ്. കരഭൂമിയില്‍ നടക്കുന്ന അതേ നിര്‍മ്മാണ രീതി തന്നെയാണ് ഇവിടെയും നടത്തിയത്. വെള്ളക്കെട്ടുകളില്‍ പൈലിംഗും മറ്റും നടത്തിയല്ല നിര്‍മ്മാണം. മണ്ണ് മര്‍ദ്ദം ചെലുത്തി കോംപാക്ട് ചെയ്യുന്ന പ്രവര്‍ത്തി ക്യത്യമായി നടന്നോ എന്ന പരിശോധന നടന്നിട്ടില്ലെന്നാണ് അറിയുന്നത്. പാത നിര്‍മ്മാണം 2025 ല്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. നിര്‍മ്മാണത്തിന് വേഗം കൂട്ടേണ്ടത് കാരണം പല കാര്യങ്ങളും അവഗണിച്ചതായാണ് അനുമാനിക്കേണ്ടത്.
നിര്‍മാണ കമ്പനിയെ ഡീബാര്‍ ചെയ്തതത് നിര്‍മ്മാണം അനന്തമായി നിളാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇതിന്റെ പേരില്‍ തുടര്‍ നിര്‍മ്മാണം അനന്തമായി നിണ്ടുപോകാതിരിക്കാനുള്ള നടപടികളും അധിക്യതര്‍ സ്വീകരിക്കണം. ജനത്തിന് ഒരു വിലയും നല്‍കാതെയും ബദല്‍മാര്‍ഗങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാതെയുമാണ് പലയിടത്തും നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. പാത നിര്‍മ്മാണം അനന്തമായി നീണ്ടുപോയാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകും.