പട്‌ന: തന്റെ പേരും ചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാര്‍ സ്വദേശിനി മിന്റ ദേവി.
‘ എന്റെ മുഖം ടി ഷര്‍ട്ടില്‍ പതിപ്പിച്ച് ധരിച്ച് എന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്?. രാവിലെ മുതല്‍ ഞാന്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ‘ മിന്റ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ഒരു മുത്തശ്ശി (ദാദി ബന ദിയ) ആക്കിയിട്ടുണ്ടെങ്കിൽ, എനിക്ക് കുഴപ്പമില്ല. എനിക്ക് ഭയപ്പെടാനൊന്നുമില്ല. എന്റെ ജനന വർഷം 1990 ആണെന്ന് ഞാൻ പറഞ്ഞിരുന്നു, എന്റെ ആധാർ കാർഡിലെ പോലെ തന്നെ. ഡ്രാഫ്റ്റ് റോളുകളിൽ 1990 എന്നത് 1900 ആക്കിയിട്ടുണ്ടെങ്കിൽ പിഴവാകാമെന്നും മിന്റ പറഞ്ഞു.
ബിഹാറില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 124 വയസ്സുള്ള മിന്റ ദേവിയെന്ന സ്ത്രീയെ കന്നിവോട്ടറായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാര്‍ലമെന്റിലെത്തിയത്.
സമ്മേളനം ആരംഭിക്കുന്നതിനുമുന്‍പ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷര്‍ട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവര്‍ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് കഴിഞ്ഞദിവസം സഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് മിന്റയുടെ പ്രതികരണം.
‘ ഈ വിഷയത്തില്‍ പ്രിയങ്ക ഇടപെടേണ്ട കാര്യമേയില്ല. എന്തുകൊണ്ടാണ് അവര്‍ തലയിടുന്നത്, അവര്‍ ധരിച്ചിരിക്കുന്ന ടി ഷര്‍ട്ടില്‍ എന്റെ മുഖവും പേരുമുണ്ട്. അവര്‍ എന്റെ വിലാസം പരസ്യപ്പെടുത്തി. അവര്‍ എന്തിന് എന്നെ പിന്തുണയ്‌ക്കണം. അവര്‍ എന്റെ ആരാണ്. അവര്‍ എന്റെ ബന്ധുവല്ല, ‘ മിന്റ കൂട്ടിച്ചേര്‍ത്തു.