• Sun. Oct 5th, 2025

24×7 Live News

Apdin News

‘ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍’: വികാരാധീനനായി മോഹന്‍ലാല്‍

Byadmin

Oct 5, 2025


ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണിതെന്നും എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്ന് ഈ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

’48 വര്‍ഷങ്ങളുടെ ദീര്‍ഘമായ നടപ്പാതയിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു ഞാന്‍. സിനിമ എന്ന സങ്കീര്‍ണകലാരൂപത്തെക്കുറിച്ച് യാതൊന്നുമറിയാതെ ഈ നഗരത്തിന്റെ വഴിയോരങ്ങളില്‍ വെച്ച് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോളെനിക്ക് ഭയം തോന്നുന്നു. അതിന്റെ ജോലികള്‍ക്കായി ഞങ്ങള്‍ ട്രെയിന്‍ കയറി മദ്രാസിലേക്ക് പോയി. മദിരാശിയിലെ സിനിമാ സ്റ്റുഡിയോകളില്‍ ചുറ്റിത്തിരിഞ്ഞു. ഞാന്‍ ഒട്ടും ആഗ്രഹിക്കാതെ സുഹൃത്തുക്കള്‍ എന്റെ ഫോട്ടോ എടുത്ത് പാച്ചിക്ക എന്നു ഞങ്ങള്‍ വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തി. 48 വര്‍ഷങ്ങള്‍. ഇങ്ങോട്ടുവരുന്നതിന്റെ തൊട്ടുമുന്നെയും ഞാന്‍ ക്യാമറയ്ക്കു മുന്നിലായിരുന്നു. വിധി ഏതൊക്കെ വഴിയിലൂടെയാണ് എന്നെ നടത്തിക്കൊണ്ടുപോകുന്നത് എന്നോര്‍ത്ത് വിസ്മയിച്ചുപോകുന്നു.’

‘അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്‍. ഒഴുക്കില്‍ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകളായിരുന്നു അവയെല്ലാം. വലിയ എഴുത്തുകാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍. ഛായാഗ്രാഹകര്‍, എന്റെ മുഖത്ത് ചായം തേച്ച് കഥാപാത്രങ്ങളിലേക്ക് വെളിച്ചമടിച്ചവര്‍…ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍… ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..’- മോഹന്‍ലാല്‍ വികാരാധീനനായി.

കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്നും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്‍ലാല്‍ അഭിനയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

By admin