ഡോ.പുത്തൂര്‍ റഹ്മാന്‍
കേരള രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങള്‍ ആലോചിക്കുമ്പോള്‍ കണ്ണൂരിലെ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ സി.കെ.പി. പത്മനാഭന്റെ മകള്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഓര്‍മ്മയിലെത്തുന്നു. പതിനഞ്ചുകൊല്ലം മുമ്പത്തെ ആ വിവാദം ചില കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും എന്നതുകൊണ്ടു തന്നെ ഒന്നോര്‍ത്തുനോക്കേണ്ടതുണ്ട്. 2010-ല്‍, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി എന്ന നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. പത്മനാഭന്റെ മകള്‍, പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരി കൂടിയായിരുന്നു. അവര്‍ പി. ശശി തന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറിയെന്നും അതിക്രമം നടത്തിയെന്നും ആരോപിച്ചു. അവരൊരു ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയുമാണെന്നോര്‍ക്കണം. പത്മനാഭന്‍ ഈ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് നീതി തേടിയാണ്. പ്രതിസ്ഥാനത്തുള്ളയാള്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുള്ള നേതാവായിരുന്നു. ആരോപണം വന്നതോടെ, പാര്‍ട്ടി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അതു പിന്നെ അങ്ങനെയാണല്ലോ, പാര്‍ട്ടിക്ക് സ്വന്തം കോടതിയും നിയമവുമാണ്. ഒരു വര്‍ഷം കഴിഞ്ഞു വി.എസ് അച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 2016ല്‍ ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ആരോപണങ്ങള്‍ ‘അടിസ്ഥാനരഹിതം’ എന്ന് വിധിച്ച് ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. 2018ല്‍ ശശി പാര്‍ട്ടിയില്‍ ഔദ്യോഗികമായി തിരിച്ചെത്തി. 2019-ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് ഉയര്‍ത്തപ്പെട്ടു, 2022ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി.
പാര്‍ട്ടി നടത്തിയ ആന്തരിക അന്വേഷണവും പിന്നെ നടന്ന കേസു നടത്തിപ്പിലും ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതിയെ പിന്തുണക്കുന്നന്ന നിലപാടുണ്ടായി എന്ന ആക്ഷേപം ഈ കേസില്‍ ആവര്‍ത്തിച്ചു പറയുന്നത് പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ തന്നെയാണ്. പാര്‍ട്ടിക്കുള്ളിലെ അന്വേഷണം പ്രതിക്ക് അനുകൂലമായിരുന്നു., പാര്‍ട്ടിയിലെ അക്കാലത്തെ പിണറായി വിഭാഗത്തിന്റെ പിന്തുണ ശശിക്കായിരുന്നു. പാര്‍ട്ടിയുടെ മുന്‍പറഞ്ഞ ആഭ്യന്തര നീതിനിര്‍വഹണ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത സംഭവമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കണക്കാക്കുന്ന സംഭവമാണിത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ശശി തിരിച്ചുവന്നതിനേക്കാള്‍ ഈ സംഭവത്തിലെ ദുരന്തം സ്വന്തം മകള്‍ക്ക് നീതി ആവശ്യപ്പെട്ടതിന്റെ പേരില്‍ പത്മനാഭന്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടുവെന്നതാണ്. 2011ല്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പരാതിക്കാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും അപമാനവും സഹിച്ചു രോഗിയായി മാറി. പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അദ്ദേഹം പതുക്കെ കണ്ണൂരിലെ ഇടതുരാഷ്ട്രീയ രംഗത്തില്‍ നിന്നു തന്നെ അപ്രത്യക്ഷനായി. ഇതാണ് സി.പി.ഐ.എം ആവശ്യാനുസരണം എടുത്തുപയോഗിക്കുന്ന ലിംഗനീതിയുമായി ബന്ധപ്പെട്ട നിലപാടുകളുടെ യാഥാര്‍ത്ഥ്യം. ഇരകളുടെ അവകാശങ്ങള്‍ക്കായുള്ള സഖാക്കളുടെ പോരാട്ടത്തിന്റെ മറുവശമാണ് മേല്‍പറഞ്ഞ സംഭവങ്ങളെല്ലാം.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ലൈംഗിക ആരോപണ വിവാദവുമായി ബന്ധപ്പെട്ട് മേല്‍പറഞ്ഞ സംഭവം ചേര്‍ത്തുവായിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം സി.പി.ഐ.എമ്മിന്റെ ആഭ്യന്തര നീതി നിര്‍വഹണ സംവിധാനം എന്നു പറയുന്ന പാര്‍ട്ടി കോടതിയേക്കാള്‍ ഉന്നതമായ നൈതികത കോണ്‍ഗ്രസ്സ് ഇപ്പോഴത്തെ വിവാദത്തില്‍ പുലര്‍ത്തിയെന്നതു തന്നെയാണ്. പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ ആറു മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എന്നാല്‍ എം.എല്‍.എ സ്ഥാനത്ത് തുടരുന്നു. കേരള പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും രാഹുല്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയെന്ന ആരോപണത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടത്, ഏത് മുഖ്യമന്ത്രിയെന്നത് മറ്റൊരു വിചിത്രമായ കാര്യമാണ്. ഇതിനേക്കാള്‍ വ്യക്തമായ കേസുകളില്‍ പ്രതിയായ നടന്‍ മുകേഷ് രാജിവെക്കേണ്ടതില്ലെന്നു കണ്ടെത്തിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി.
ഇത്തരം വിവാദങ്ങള്‍ കേരളത്തില്‍ പുതിയതല്ല. ഇടക്ക് ഓരോന്ന് ഉയര്‍ന്നുവരും. അതുകൊണ്ട് കേരള സമൂഹത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നത്? ലൈംഗിക ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, ഇത് പൊതുജനശ്രദ്ധയെ സംസ്ഥാനത്തെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് മാറ്റിക്കളയുന്നത് നമുക്ക് കാണാം. കേരളം വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിവാദങ്ങളില്‍ നിന്നും ഈ സെക്സ് വിവാദം കാരണം പൊതുജനശ്രദ്ധ മാറിപ്പോകുന്നു. ഉദാഹരണത്തിന്, കേരളത്തിലെ ആരോഗ്യ പരിപാലന മേഖലയിലെ ഗുരുതരമായ ഭരണ പരാജയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയകള്‍ വൈകുന്നത്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളുടെയും പാലങ്ങളുടെയും ഒരു മഴക്കാലത്തെ അതിജീവിക്കാനാവാത്ത ദുര്‍ബലാവസ്ഥ എന്നിവ ഇപ്പോള്‍ ചര്‍ച്ചയാകാതെ പോകുന്നു. കേരളത്തിലെ സി.പി.ഐ.എം അനുകൂല മാധ്യമങ്ങള്‍ ഇക്കിളി വാര്‍ത്തകള്‍ക്കും മതനിന്ദയോ വര്‍ഗീയതയോ ചര്‍ച്ചയാവുന്ന വാര്‍ത്തകള്‍ക്കും ആസൂത്രിതമായി അവസരം കൊടുക്കുന്നത്, ഈ ഭരണ പരാജയങ്ങളെ മറച്ചുവയ്ക്കാനാണെന്നതില്‍ സംശയമില്ല. ആവശ്യം വരുന്ന സമയം അവരിത്തരം വാര്‍ത്തകള്‍ കണ്ടെത്തും, അല്ലെങ്കില്‍ സൃഷ്ടിക്കുകയും ചെയ്യും.
കേരളം നേരത്തെ ചര്‍ച്ച ചെയ്ത ലൈംഗിക വിവാദങ്ങളും അതുകൊണ്ടുണ്ടായ കോട്ടങ്ങളും ഒപ്പം തന്നെ ഓര്‍ക്കേണ്ടതുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ലൈംഗിക വിവാദങ്ങള്‍ ആയുധമായി ഉപയോഗിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. 1950കളില്‍ പി.കെ. ചാത്തന്‍ മാസ്റ്ററിന്റെ കേസ് മുതല്‍ 1964ലെ ആര്‍. ശങ്കര്‍ മന്ത്രിസഭയെ താഴെയിട്ട സ്‌കാന്‍ഡല്‍ വരെ, ഇവ ഭരണകൂടങ്ങളെ തകര്‍ത്തു. 2013ലെ സോളാര്‍ കേസില്‍ സരിത നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത് ഭരണത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഉമ്മന്‍ ചാണ്ടി നേരിട്ട നിന്ദ്യമായ പരിഹാസവും അവഹേളനവും ആര്‍ക്കും മറക്കാനാവില്ല. അതുപോലെ, 2020ലെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതും ഓര്‍ക്കുക. സരിത, സ്വപ്ന എന്നീ സ്ത്രീകള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ ഉണ്ടായിരുന്നു എന്നതുറപ്പാണ്. സ്ത്രീകളെ ആയുധമാക്കി രാഷ്ട്രീയം കളിക്കുന്ന ഈ പ്രവണതക്കെതിരെയാണ് കേരളം സംസാരിക്കേണ്ടത്. ഇത് സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയും അന്തസ്സിനെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതല്ലേ ഈ വിവാദങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള ഫലം. ഇതിനെതിരയെയാണ് സാംസ്‌കാരിക കേരളം മൗനം വെടിയേണ്ടത്.
ഇടതുപക്ഷം രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ലൈംഗിക ആരോപണങ്ങളെ ഉപയോഗിക്കുന്ന പതിവുപരിപാടി ഇനിയെങ്കിലും നിര്‍ത്തണം. രാഹുല്‍ വിവാദത്തില്‍ സി.പി.ഐ.എം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു, എന്നാല്‍ ഇടതു പക്ഷത്തെ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന നേതാക്കളെ സി.പി.ഐ.എം സംരക്ഷിക്കുന്നതില്‍ പേനയുന്തികളായ ഇടത് അനുകൂല ന്യായീകരണത്തൊഴിലാളികള്‍ക്ക് ഒരു പ്രയാസവുമില്ല. നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കുകയും രാജി ആവശ്യപ്പെടാതിരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഇരട്ടനീതി ധാര്‍മ്മികതയുടെ ഒരു പരമ്പര തന്നെ വേണമെങ്കില്‍ ഉദാഹരിക്കാനാകും. ഈ ഹൈപ്പോക്രിസി രാഷ്ട്രീയ ധാര്‍മികതയെയാണ് ചോദ്യം ചെയ്യുന്നത്. വ്യക്തികളുടെ സദാചാര നിലപാടുകള്‍ തകരുന്നതിനേക്കാള്‍ പൊതുജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് പാര്‍ട്ടികളുടെ ഈ പറഞ്ഞതുപോലുള്ള സംരംക്ഷണമൊരുക്കുന്ന നിലപാട്.
ലൈംഗിക ആരോപണ വാര്‍ത്തകളില്‍ നിയമപാലകരോ കോടതിയോ ഇടപെടും മുമ്പേ മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകുന്ന വിചിത്ര രീതി കൂടി സാധാരണമായിരിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെയും അതിന്റെ പ്രക്രിയയെ ബാധിക്കുന്ന വൃത്തികേടാണ് മാധ്യമങ്ങള്‍ അവയുടെ റേറ്റിംഗ് കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു ചെയ്യുന്നത് എന്നത് പറയാതെ വയ്യ. മാധ്യമങ്ങള്‍ മാലിന്യങ്ങള്‍ മാത്രം പുറത്തുവിടുന്ന ഓടകളായി മാറി എന്നതാണ് സമകാലിക കേരളത്തിന്റെ ശാപം. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതികള്‍ വരുമ്പോള്‍ ആ വിഷയം അവഗണിക്കുന്ന സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളുടെ മാധ്യമ നൈതികതയുടെ സ്വഭാവവും ഇപ്പോള്‍ വ്യക്തമാണ്. ഉദാഹരണത്തിന്, വിവിധ മാധ്യമങ്ങളിലെ ജീവനക്കാരികള്‍ ഉയര്‍ത്തിയ മാനസികവും ശാരീരികവുമായ അതിക്രമങ്ങളും അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മനപ്പൂര്‍വ്വം മാധ്യമങ്ങള്‍ വിട്ടുകളയുന്നു. മാധ്യമ വിചാരണകള്‍ പൊതു അഭിപ്രായത്തെ രൂപപ്പെടുത്തി നീതിയെ സ്വാധീനിക്കുന്നു എന്ന അധാര്‍മ്മികതയ്ക്ക് അപ്പുറമുള്ള നിലവിലെ അവസ്ഥയാണിത്.
ഇടതുപക്ഷ പ്രവര്‍ത്തകയും പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്ത് മെംബറുമായ ശ്രീനാദേവി വെളിപ്പെടുത്തിയ കാര്യം സംസ്ഥാനത്തെ മാധ്യമങ്ങളുടെ നീതിബോധം എത്ര പരിതാപകരമാണെന്നു കാണിക്കുന്നുണ്ട്. അവരെ വിളിച്ച് ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വല്ലതും ഉണ്ടോ, ഉണ്ടെങ്കില്‍ ഞങ്ങളോട് പറയൂ, ഇതുവരെ അധികമാരും അറിഞ്ഞിട്ടില്ല എന്നാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇരയെ തേടി ഇറങ്ങുകയാണ് മാധ്യമങ്ങള്‍. കല്ല് കൊത്താനുണ്ടോ എന്നു ചോദിച്ചു വരുന്നവരെ പോലെ പരുമാറി പരാതിക്കാരെ കൃത്രിമമായി സൃഷ്ടിക്കുന്ന ഈ മാധ്യമ അജണ്ട സ്ത്രീ സംരക്ഷണം ഉദ്ദേശിച്ചുള്ളതല്ല എന്നു പറയുന്നൂ അവര്‍ അവരെഴുതിയ കുറിപ്പില്‍. പാര്‍ട്ടികള്‍ ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കപ്പെടുമ്പോള്‍, മാധ്യമങ്ങള്‍ ഈ വിവാദങ്ങള്‍ റേറ്റിംഗ് കൂട്ടാനായി ഉപയോഗിക്കുമ്പോള്‍ സമൂഹം ശ്രദ്ധ തിരിക്കേണ്ട യഥാര്‍ത്ഥ പ്രശ്നങ്ങളും യഥാര്‍ത്ഥ വാര്‍ത്തകളും പിന്‍തള്ളപ്പെടുന്നു. നമ്മുടെ പൊതു ജീവിതത്തില്‍ വന്നുപെട്ട എന്തൊരു മോശം അവസ്ഥയാണിത്..!