തിരുവല്ല: ഇന്ന് അത്തം. ഇന്നു മുതലാണ് പൂക്കളമിട്ടു പൊന്നോണത്തെ വരവേല്‍ക്കേണ്ടത്. അത്തം പത്തിനു പൊന്നോണം എന്നാണ് ചൊല്ല്. എന്നാല്‍ 11 ദിവസം പൂക്കളമിടേണ്ടി വരുന്നതില്‍ പലരും ആശയക്കുഴപ്പത്തിലാണ്. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലില്‍ വിവക്ഷിക്കുന്നത് ദിവസങ്ങളുടെ എണ്ണമല്ല, മറിച്ച് നക്ഷത്രങ്ങളുടെ എണ്ണമാണെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതനും പ്രമുഖ പഞ്ചാംഗകര്‍ത്താവുമായ ഡോ. ബാലകൃഷ്ണ വാര്യര്‍ പറയുന്നു. അത്തം തൊട്ടെണ്ണിയാല്‍ പത്താമത്തെ നക്ഷത്രമായി വരുന്നത് തിരുവോണമാണ്.
എന്നാല്‍ നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിന്റെ ദൈര്‍ഘ്യം എല്ലാവര്‍ഷവും ഒരേ പോലെയായിരിക്കില്ല. അതിനാല്‍ നക്ഷത്രങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമായ 60 നാഴികയില്‍ കൂടുതലോ കുറവോ വരാം. ഇന്ന് അത്തം 59 നാഴിക 30 വിനാഴികയ്‌ക്കുണ്ട്.(23 മണിക്കൂര്‍ 48 മിനുട്ട്). അതിനുശേഷം ചിത്തിര തുടങ്ങും. ഇന്ന് രാത്രി തീര്‍ന്നു നാളെ പുലരുന്ന 30 വിനാഴിക ചിത്തിരയുണ്ട്(12 മിനുട്ട്). നാളെ മുഴുവന്‍ ചിത്തിരയാണ്. മറ്റന്നാള്‍ ഉദയാല്‍പ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിരയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിന്റെ ആകെ ദൈര്‍ഘ്യം 66 നാഴിക 39 വിനാഴിക(ഒരു ദിവസവും രണ്ടു മണിക്കൂറും 40 മിനുട്ടും).
മറ്റു നക്ഷത്രങ്ങള്‍ക്കും ഇക്കുറി ദൈര്‍ഘ്യം ഏറെയുണ്ട്. ഇതേപോലെ ചോതിക്ക് 67 നാഴിക 17 വിനാഴികയുണ്ട്. വിശാഖം 67 നാഴിക 28 വിനാഴിക വരും. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തച്ചമയം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസമാകുന്നത്.
ഇതേപോലെ ചിലപ്പോള്‍ നക്ഷത്രദൈര്‍ഘ്യം കുറഞ്ഞും വരാം. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ അത്തം തുടങ്ങി ഒമ്പതാം നാളില്‍ തുരുവോണം വരും. നവരാത്രി സംബന്ധിച്ചും ഇതുപോലെയുള്ള മാറ്റം വരാം. നവമി ചിലപ്പോള്‍ ഒരു ദിവസം കഴിഞ്ഞു പിറ്റേന്നത്തേക്കും നീളാം. അങ്ങനെ വരുമ്പോള്‍ ഒന്‍പതു രാത്രിയില്‍ തീരേണ്ട നവരാത്രി ആഘോഷം പത്തു രാത്രികളിലേക്കു നീളാമെന്നും ഡോ. ബാലകൃഷ്ണവാര്യര്‍ പറഞ്ഞു.