പടിക്കല്‍ കലമുടയ്‌ക്കുക എന്നതൊരു ചൊല്ലാണ്. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞ ഭാരത ക്രിക്കറ്റ് കരുത്താണ് ഏഷ്യാ കപ്പ് ഫൈനലില്‍ കണ്ടത്. ഫൈനലുകള്‍ ഇനിയും കളിക്കേണ്ടിവരും, തോല്‍വി നേരിട്ടേക്കാം. പക്ഷെ കഴിഞ്ഞ ദിവസം ദുബായില്‍ ഭാരതം ക്രിക്കറ്റ് ടീം നേരിട്ടതുപോലൊരു സമ്മര്‍ദ്ദം ഇതിന് മുമ്പ് ഒരു ഫൈനലിലും ഉണ്ടായിക്കാണില്ലെന്ന് ഉറപ്പാണ്. ടീം എത്ര കരുത്തരാണെങ്കിലും സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രം അടിപതറി വീഴാം എന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരത ടീം തന്നെ പലകുറി കാണിച്ചു തന്നിട്ടുണ്ട്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2017ല്‍ അതിശക്തമായി മുന്നേറി ഫൈനലിലെത്തി, താരതമ്യേന ദുര്‍ബലരായ പാകിസ്ഥാനോട് നിസ്സാരമായി തോറ്റു. ഗാരി സോബേഴ്‌സും വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയിഡും അണിനിരന്ന വിന്‍ഡീസ് തലമുറയെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റമാണ് രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഭാരതം കാഴ്‌ച്ചവച്ചത്. ഫൈനലിലെ ടോസ് നിര്‍ണയത്തില്‍ ടീമിനെ പിടികൂടിയ സമ്മര്‍ദ്ദം എട്ടുനിലയില്‍ പൊട്ടിച്ചു.
ഏഷ്യാകപ്പ് 2025 ഫൈനലില്‍ പാകിസ്ഥാന്‍ ഭാരതത്തിന് മുന്നില്‍ വച്ചത് 147 റണ്‍സിന്റെ ലക്ഷ്യമാണ്. ദുബായിലെ വേഗം കുറഞ്ഞ പിച്ചില്‍ ഈ സ്‌കോര്‍ പോലും കടുത്തതായിരിക്കുമെന്ന് പറയേണ്ടതില്ല. പന്തിന് പുതുമയുള്ള സമയത്ത് പരമാവധി സ്‌കോര്‍ ചെയ്യുക. പന്ത് പഴകുന്തോറും ബാറ്റിങ്ങിന് ദുഷ്‌കരമാകും. ദുബായി പിച്ചിലെ വേഗം കുറഞ്ഞ ഔട്ട് ഫീല്‍ഡില്‍ രാത്രി കനക്കുന്നതനുസരിച്ച് തണുപ്പ് ബാധിക്കുക കൂടി ചെയ്താല്‍ വിലയ ബുദ്ധിമുട്ടാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ വേഗത്തില്‍ പുറത്തായതോടെ ടീം ഭാരതം അപകടം മണത്തു. ചില മത്സരങ്ങളില്‍ അഭിഷേകിന്റെ തുടക്കം മാത്രമായിരുന്നു ഭാരത സ്‌കോറിന്റെ നട്ടെല്ല്. അഭിഷേകിന്റെ പുറത്താകലിന് പിന്നാലെ നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഭാരതം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയിരുന്നത് വെറും 20 റണ്‍സ്. പിന്നീട് കണ്ടത് 17 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഭാരതക്രിക്കറ്റ് തലമുറയ്‌ക്ക് സമ്മാനിച്ച അതിജീവനത്തിന്റെ കരുത്ത്. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ നിര്‍ബന്ധമായും കളിക്കണമെന്ന് ബിസിസി കാട്ടിക്കൊണ്ടിരിക്കുന്ന കണിശതയുടെ പ്രഭാവം കൂടിയാണ്.
ട്വന്റി20 ലോക ചാമ്പ്യന്‍മാരാണ് ഭാരതം, കഴിഞ്ഞ വര്‍ഷം ലോക കിരീടം നേടിയ ടീമിലെ പല പ്രമുഖരും ഇപ്പോള്‍ ടീമിനൊപ്പമില്ല. അടിമുടി മാറിയിരിക്കുന്നു. എന്നിട്ടും ഭാരതത്തിന് മികച്ച രീതിയില്‍ പൊരുതാനായി. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ പത്തിന് മേല്‍ റണ്‍സ് വേണ്ടിയിരുന്നു. അപ്പോഴും നിറഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കുന്ന ബാറ്റര്‍മാരെയാണ് ക്രീസില്‍ കാണാനായത്. ഭാരതത്തിനെതിരെ കളിച്ച പാകിസ്ഥാനും കുറേ കൊല്ലങ്ങളായി കണ്ടുവരുന്ന നനഞ്ഞ പടക്കങ്ങളല്ലെന്ന് തെളിയിച്ചാണ് ഫൈനല്‍ വരെ എത്തിയത്. അതിനെതിരെയാണ് ഭാരതം പക്വമായ വിജയം കൈവരിച്ചത്.