തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.