
അതിസങ്കീര്‍ണമായ ഈ മഹാബ്രഹ്‌മാണ്ഡവും അതിലെ സൃഷ്ടിയും എന്തിനുവേണ്ടി?. ഇതിലെ ഓരോ സൃഷ്ടിക്കും മറ്റൊരു സൃഷ്ടിയെ പരിപോഷിപ്പിക്കാനല്ലാതെ ഗുണം വല്ലതുമുണ്ടോ? ഓരോ സൃഷ്ടിയും സ്വയേച്ഛയാലാണോ രൂപപ്പെടുന്നതും ഇല്ലാതാകുന്നതും? ഒരു നിശ്ചിത രൂപത്തില്‍ നിന്നാണൊ വ്യത്യസ്തമായ എല്ലാത്തിന്റെയും തുടക്കം? അന്ത്യത്തില്‍ ഇവ തുടങ്ങിയിടത്തെത്തുന്നുണ്ടൊ? ഒരു ഭാവനയിലാണു പ്രപഞ്ചത്തിന്റെ തുടക്കമെങ്കില്‍ അങ്ങനെയൊരു ഭാവന എവിടുന്നുണ്ടായി. പ്രപഞ്ചം മുഴുവന്‍ പ്രകടമാകുന്ന അഭൗമമായൊരു ശക്തിസ്രോതസ്സ്! ഈ സ്രോതസ് നിയന്ത്രിക്കുന്ന സൃഷ്ടി. ആ സൃഷ്ടിക്കു സ്വയം തിരികെ കടക്കാനാകാത്ത ഒരുതലം. അവിടെയാണ് ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരമുള്ളത്.
എന്നാല്‍ ഇതിന് ഒരു അതിര്‍വരമ്പുണ്ട്. എല്ലാ ചോദ്യങ്ങളും ആ അതിര്‍വരമ്പില്‍ച്ചെന്ന് പ്രത്യക്ഷമാകും. അതിനാല്‍ ഇതിനെ മായ എന്നുവിളിക്കും. ഈ മായാപ്രപഞ്ചത്തില്‍ ഇപ്രകാരം സൃഷ്ടിക്കു തിരിച്ചറിയാനാവാത്തവിധം സൃഷ്ടി നിലകൊള്ളുന്നു. സൃഷ്ടിയില്‍ നിലകൊള്ളുന്ന കേവല ശക്തിയിലൂടെ അവിടേക്ക് കടക്കാനാകാത്തതിനാല്‍ അവിടം ശൂന്യമാണെന്നു കരുതരുത്. നാം നമ്മില്‍ പ്രകടമായ ശക്തിക്കുള്ളില്‍ നിന്നാണു ഗവേഷണം നടത്തുന്നതെന്നറിയണം. ആ ഗവേഷണം നടത്തുന്നത് നമ്മിലൂടെ സദാചലിക്കുന്ന ബ്രഹ്‌മനിയന്ത്രിതമായ ബ്രഹ്‌മവര്‍ച്ചസ്സിലൂടെ ആണെന്നുമറിയണം.
ഏതൊരു സൃഷ്ടിക്കും ആ സൃഷ്ടിവൈഭവത്തെ സ്വയം തിരിച്ചറിയാനാകില്ല.
എപ്പോഴും സൃഷ്ടിക്കും, പുനഃസൃഷ്ടിക്കും പിന്നില്‍ സൃഷ്ടിയറിയാത്ത ഒരാന്തരിക ശക്തി (ബ്രഹ്‌മവര്‍ച്ചസ്) സദാ ചലിച്ചുകൊണ്ടിരിക്കും എന്നതാണ് ഇതിനു കാരണം. ആ ശക്തിക്ക് നിര്‍ബ്ബാധം തുടരാനാണ് സൃഷ്ടിയെ തരപ്പെടുത്തിയിരിക്കുന്നത്. സൃഷ്ടിയുടെ നിലനില്പിനാധാരമായവ പ്രപഞ്ചത്തില്‍ നിന്നും കാമനകളിലൂടെ സാധ്യമാക്കുമ്പോള്‍ അത് ഒരു ഇന്ധന സമാനപ്രക്രിയ മാത്രമാണ്. അതു കര്‍മ്മമെന്നു തെറ്റിദ്ധരിക്കുകയാണ്. അതായത് നാമൊരു പുനഃസൃഷ്ടിയായ വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ നാമതില്‍ യാത്രചെയ്യുന്നുവെന്നും അതിനായാണതിന്റെ സൃഷ്ടിയെന്നും വാഹനം അറിയുന്നില്ല. എന്നാല്‍ ആധുനിക നിര്‍മ്മിത ബുദ്ധിയിലൂടെ ആണിതു പ്രവര്‍ത്തിക്കുന്നതെങ്കിലും പ്രവര്‍ത്തനം ഒന്നുതന്നെയാണ്. നാം കൊടുക്കാത്ത പ്രവൃത്തനക്ഷമതയൊന്നും അതിനു സ്വാര്‍ജ്ജിതമായി ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നമ്മളെ ഉള്‍പ്പെടെ ഇവയെല്ലാംകൂടി കോര്‍ത്തിണക്കിയ മറ്റൊരു ബുദ്ധിയാക്കി നിയന്ത്രിപ്പിച്ചാണ് പ്രപഞ്ചത്തെ ഈശ്വരന്‍ ചലിപ്പിക്കുക.
മൂന്നു തലങ്ങളായി നിലകൊള്ളുന്ന മഹാപ്രപഞ്ചസൃഷ്ടിയില്‍നിന്നുണ്ടാകുന്ന സൃഷ്ടിക്കും പുനഃസൃഷ്ടിക്കും അതിസൂക്ഷ്മം, സൂക്ഷ്മം, സ്ഥൂലം ഈ അവസ്ഥയുണ്ട്. അതിസൂക്ഷ്മത്തില്‍ ധാരണയാണ് നിലകൊള്ളുന്നത്. പരബ്രഹ്‌മാവസ്ഥയിലാണതുണ്ടാകുക. അവിടെ സൃഷ്ടിക്കറിയേണ്ടാത്തൊരു കാരണവുമുണ്ടാകും. എന്നാല്‍ സൃഷ്ടിക്കുവേണ്ട സംവിധാനങ്ങളെല്ലാം സൂക്ഷ്മത്തിലാദ്യം സംപൂര്‍ണമാക്കും. അതെപ്രകാരമെന്നാല്‍ അഖിലാണ്ഡ ബ്രഹ്‌മാണ്ഡത്തിലാകമാനം കൂട്ടിയോജിപ്പിക്കാനാകുന്ന പരിമിതമായ ശക്തികളെ വേണ്ടുവോളം വ്യാപരിപ്പിച്ചു സ്ഥിരമാക്കും. ദൃഷ്ടാന്തമായി പറഞ്ഞാല്‍ പൂജ്യവും ഒന്നുമായി കമ്പ്യൂട്ടര്‍ ഭാഷയെ മൊത്തമായി പരിമിതപ്പെടുത്തുംപോലെ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സംഖ്യയില്‍ ഒന്നു (1) പോലെ. എത്ര ഭീമമായ സംഖ്യയാണെങ്കിലും ഒന്നെന്ന അക്കം മാറിയാല്‍ പിന്നെ ആ സംഖ്യയില്ല. മറ്റൊരു സംഖ്യയായി അതുമാറും. ഒന്നുകൂടിയാലും കുറഞ്ഞാലും സംഖ്യ മാറിമറിയും. ഒന്ന് എന്നൊന്നില്ലെന്നു സങ്കല്പിക്കുക! പ്രപഞ്ചത്തില്‍ സംഖ്യയെന്ന പ്രതിഭാസമേ കാണില്ല! എന്നാലിത് അതിസൂക്ഷ്മതലത്തിലൊരു സാങ്കല്പമാണുതാനും. സംഖ്യ സ്ഥൂലത്തില്‍ പ്രകടമാകുന്നില്ല. ഇപ്രകാരം സൃഷ്ടിക്കും ഇതേയവസ്ഥതന്നെയാണ്. ഏതൊരു സൃഷ്ടിക്കും മുന്നേ ഈയൊരടിസ്ഥാനം നടന്നിരിക്കും. ഇത് ബ്രഹ്‌മാവസ്ഥയിലുള്ള അതിസൂക്ഷ്മത്തില്‍ നിശ്ചയിച്ച് സംഖ്യയാല്‍ സമന്വയിപ്പിച്ച് സൂക്ഷമത്തിലൂടെ സ്ഥൂലത്തില്‍ പ്രകടിപ്പിക്കും. പ്രപഞ്ചത്തില്‍ എവിടെവിടെ ഏതൊരു സൃഷ്ടിക്കുമാധാരമായ മൂലപ്രകൃതി സര്‍വ്വവ്യാപിയായി നിലകൊണ്ടതിനു ശേഷമേ സൃഷ്ടിയേപ്പറ്റി അതിസൂക്ഷ്മചിന്തയുണ്ടാകു. വിശ്വവ്യാപിയായ ഇവയിലൂടെ സംഖ്യാടിസ്ഥാനത്തിലാണ് വിശ്വരചന സാധ്യമാക്കുക. ഇവയിലെല്ലാം വിശ്വേശ്വര ചൈതന്യം പലരൂപഭാവങ്ങളിലായി നിലകൊള്ളും. നാം പൊരുളറിയാതെ ഊര്‍ജ്ജമെന്നൊക്കെ പറയുന്ന ഈ ചൈതന്യം വിവിധ ഭാവങ്ങളില്‍ അനുഭവമാകുമ്പോഴും ഒന്നായ ഇതിനെ വ്യത്യസ്തഭാവത്തിലൂടെ കൂട്ടിച്ചേര്‍ത്ത് രൂപമാറ്റംവരുത്തി പലപേരിലറിയുന്നു എന്നുമാത്രം.
‘ഒന്നായനിന്നെയിഹ
രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത
മിണ്ടാവതല്ല മമ’
(ഹരിനാമ കീര്‍ത്തനം)
(തുടരും)