ന്യൂഡൽഹി : ഇന്ത്യക്കെതിരെ വീണ്ടും വിഷം ചീറ്റി പാക് മന്ത്രി ഖ്വാജ ആസിഫ് . ഇന്ത്യയുമായി മറ്റൊരു യുദ്ധത്തിനുള്ള സാധ്യതയാണ് ഖ്വാജ ആസിഫ് സൂചിപ്പിക്കുന്നത് . ഇത്തവണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പാകിസ്ഥാൻ വൻ വിജയം നേടുമെന്നാണ് ആസിഫിന്റെ വാദം . ഖ്വാജ ആസിഫ് മുൻപും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
ഇത്തവണ പാകിസ്ഥാൻ വാർത്താ ചാനലായ സമ ടിവിയോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ് . “എനിക്ക് സംഘർഷം രൂക്ഷമാകാൻ ആഗ്രഹമില്ല, പക്ഷേ അപകടസാധ്യതകൾ യഥാർത്ഥമാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. ഇത്തവണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, മുമ്പത്തേക്കാൾ വലിയ വിജയം അല്ലാഹു നമുക്ക് നൽകും. ഔറംഗസേബിന്റെ കീഴിൽ ഹ്രസ്വകാലത്തേക്ക് ഒഴികെ, ഇന്ത്യ ഒരിക്കലും ഒരു ഐക്യ രാഷ്‌ട്രമായിരുന്നില്ലെന്ന് ചരിത്രം കാണിക്കുന്നു. അല്ലാഹുവിന്റെ പേരിലാണ് പാകിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത്. ഇവിടെ, ഞങ്ങൾ വാദിക്കുകയും മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യയുമായുള്ള പോരാട്ടത്തിൽ, ഞങ്ങൾ ഒന്നിക്കുന്നു.“ – എന്നാണ് ഖ്വാജ ആസിഫ് പറയുന്നത് .
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ എഫ്-16, ജെ-17 തുടങ്ങിയ 12-13 ഹൈടെക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ “തമാശ കഥകൾ” മാത്രമാണെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള പോരാട്ടത്തിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും അമേരിക്കൻ എഫ് -16 വിമാനങ്ങളും ചൈനീസ് ജെ -17 വിമാനങ്ങളും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളും സംവിധാനങ്ങളും നശിപ്പിച്ചതായും എയർ മാർഷൽ സിംഗ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന.