ന്യൂഡൽഹി : ആയുധം താഴെ വയ്‌ക്കാതെ മോദി സർക്കാരും മാവോയിസ്റ്റുകളുമായി ഒരു ചർച്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ചിലർ ചർച്ച നടത്താൻ ആഗ്രഹിക്കുന്നു. ഞാൻ വീണ്ടും വ്യക്തമാക്കട്ടെ… എന്താണ് ചർച്ച ചെയ്യാൻ ഉള്ളത്? ഞങ്ങൾ ലാഭകരവും ആകർഷകവുമായ ഒരു കീഴടങ്ങൽ നയം രൂപപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിക്കുക. ബസ്തറിലെ സമാധാനം തകർക്കാൻ നിങ്ങൾ ആയുധങ്ങൾ ഉപയോഗിച്ചാൽ, നമ്മുടെ സുരക്ഷാ സേനയായ സിആർപിഎഫും ഛത്തീസ്ഗഡ് പോലീസും ഒരുമിച്ച് നിങ്ങൾക്ക് മറുപടി നൽകും. രാജ്യത്ത് നിന്ന് നക്സലിസത്തെ തുടച്ചുനീക്കാൻ 2026 മാർച്ച് തീയതി നിശ്ചയിച്ചിരിക്കുന്നു.
നക്സലൈറ്റുകൾക്ക് നിങ്ങളുടെ വികസനത്തെയും നിങ്ങളുടെ അവകാശങ്ങളെയും തടയില്ലെന്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു . നക്സലിസത്തിന്റെ മൂലകാരണം വികസനമില്ലായ്‌മയാണെന്നും അത് ഇല്ലാതാക്കുന്നത് ആദിവാസി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന സർക്കാർ ക്ഷേമ പദ്ധതികൾക്ക് പുറമേ മേഖലയ്‌ക്ക് കൂടുതൽ അഭിവൃദ്ധി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബസ്തറിനെ നക്സൽ രഹിതമാക്കാൻ ഛത്തീസ്ഗഢ് സർക്കാരും കേന്ദ്രവും പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. വിവിധ തലത്തിലുള്ള മാവോയിസ്റ്റുകൾ തമ്മിലുള്ള ആഭ്യന്തര സംഘർഷത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അമിത് ഷായുടെ പരാമർശം.10500 നക്സലുകൾ ഇതിനോടകം കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു.