
മുംബൈ: 25 വര‍്ഷമായി ഉദ്ധവ് താക്കറെയുടെ കൈകളില്‍ ഉള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പിടിക്കുമെന്ന് മഹായുതി നേതാക്കളായ ഫഡ് നാവിസും ഏക്നാഥ് ഷിന്‍ഡേയും അജിത് പവാറും. ഈ മൂന്ന് നേതാക്കള്‍ക്കിടയിലുള്ള മനപ്പൊരുത്തമാണ് മുന്നണിയുടെ മൂര്‍ച്ച കൂട്ടുന്നത്. ഇപ്പോള്‍ ഫലം പ്രഖ്യാപിച്ച മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 288ല്‍ 215 സീറ്റുകളും പിടിച്ച ഈ മഹായുതിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എന്‍സിപി (ശരത് പവാര്‍) ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം.
മഹായുതിയ്‌ക്കുള്ളില്‍ ആകെ കൂട്ടത്തല്ലാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ഉദ്ധവ് താക്കറെ ശിവസേനയ്‌ക്കും ശരത് പവാര്‍ എന്‍സിപിയ്‌ക്കും പക്ഷെ അവസാന നിമിഷത്തില്‍ കൈകോര്‍ത്ത് പിടിച്ച് ഉയിര്‍ത്തെണീക്കുന്ന ഫഡ് നാവിസ്- ഏക്നാഥ് ഷിന്‍ഡേ- അജിത് പവാര്‍ സഖ്യമാണ് കാണാന്‍ കഴിയുന്നത്. അത് തന്നെയാണ് ഡിസംബര്‍ 2, ഡിസംബര്‍ 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്.
ഇനി ജനവരി 15ന് വരാനിരിക്കുന്ന ബൃഹണ്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പാണ് വരുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കയ്യാളുന്നതാണ് ബിഎംസി എന്ന ബൃഹണ്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. ഉദ്ധവ് താക്കറെയെ സമ്പന്നനാക്കുന്ന ബിഎംസി എന്ന പരിഹാസവും പലപ്പോഴും ഉയരാറുണ്ട്. കാരണം ബിഎംസിയുടെ വാര്‍ഷിക ബജറ്റ് എന്നത് 74,427 കോടി രൂപയാണ് എന്ന് പറയുമ്പോള്‍ തന്നെ ബിഎംസി കൈകാര്യം ചെയ്യുന്ന പണത്തിന്റെ അളവ് മനസ്സിലായിക്കാണുമല്ലോ. കഴിഞ്ഞ എത്രയോ വര്‍ഷമായി അഴിമതിയുടെ കൂത്തരങ്ങാണ് ഇവിടം. ഇനി ബിഎംസിയും കൂടി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫഡ് നാവിസ്- ഏക്നാഥ് ഷിന്‍ഡേ- അജിത് പവാര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യം.
മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോര്‍ത്ത് പിടിച്ചിട്ടും ഫലം കണ്ടില്ല. ഇനി ബിഎംസി തെരഞ്ഞെടുപ്പില്‍ കൂടി താക്കറെ സഹോദരന്മാരെ കെട്ടുകെട്ടിച്ചാല്‍ അവരുടെ പ്രസക്തി ഇല്ലാതാകും.