ന്യൂദല്‍ഹി: ഇനി അമേരിക്കയിലെ യൂണിവേഴ്സിറ്റികളില്‍ തണ്ണിമത്തന്‍ ബാഗിട്ട് നടക്കലും പലസ്തീന്‍ അനുകൂല ഇന്‍ക്വിലാബ് വിളിയും നല്ലത് പോലെ കുറയുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പ്രധാനകാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്‍സ് വിസ റദ്ദാക്കുന്നത് വര്‍ധിച്ചിരിക്കുന്നതിനാലാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിലും ഈ ആശങ്ക പരക്കുകയാണ്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ഈയടുത്തിടെ അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ പകുതിയും ഇന്ത്യൻ വിദ്യാർത്ഥികളുടേതാണെെന്ന് പറയുന്നു. ഈയടുത്തിടെ 327 സ്റ്റുഡന്റ് വിസകളാണ് റദ്ദാക്കിയത്.
ഇതോടെ അമേരിക്കയിലെ സമ്പന്നജീവിതം സ്വപ്നം കാണുന്ന ഇന്ത്യയിലെ ഇടത്തരക്കാരുടെ കുടുംബങ്ങളില്‍ നിലവിളി ഉയരുകയാണ്. കാരണം വിദ്യാര്‍ത്ഥികളുടെ രാഷ്‌ട്രീയാതിപ്രസരം കാരണം അവസരം നഷ്ടപ്പെടുന്നത് അവരുടെ കുട്ടികള്‍ക്കാണ്. ഇതോടെ ഇനി അമേരിക്കയില്‍ പോകുന്നത് പഠിക്കാനാണെന്നും അത് മാത്രം ചെയ്താല്‍ മതിയെന്നും പറഞ്ഞുകൊണ്ട് കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കൂടിവരികയാമത്രെ.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റും (ICE) കഴിഞ്ഞ നാല് മാസമായി വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങളും, രാഷ്‌ട്രീയ ചായ് വും പ്രവര്‍ത്തനങ്ങളും എല്ലാം പരിശോധിച്ചുവരികയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് ഈ സ്‌ക്രീനിംഗ് നടത്തുന്നതെന്നും ഇതിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. ക്യാംപസിലെ പ്രതിഷേധങ്ങളിൽപ്പോലും പങ്കെടുക്കാത്തവരെയടക്കം തെറ്റായി മുദ്ര കുത്തുന്നുവെന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയ വഴിയും പലസ്തീൻ ഉൾപ്പെടെയുള്ള വിഷയത്തിലുള്ള പ്രതികരണങ്ങൾ പോലും നിരീക്ഷിച്ച് വരികയാണ്.
വിസ റദ്ദാക്കുന്ന പുതിയ നടപടി ടെക്സസ്, കാലിഫോർണിയ, ന്യൂയോർക്ക്, മിഷിഗൺ, അരിസോണ എന്നീ നഗരങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം വിസ റദ്ദാക്കിയ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.