കാശ് കൊടുത്തു വാങ്ങുന്ന വാഴപ്പഴം കറുത്ത് പോകുന്നത് ആർക്കായാലും ഒരൽപ്പം വിഷമമാണ് . പഴം കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാനും കറുത്തുപോകാതെ കാത്തുസൂക്ഷിക്കാനും ചില സൂപ്പർ പൊടിക്കൈകളുണ്ട്.
വാഴപ്പഴം പഴുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. പച്ചയായിരിക്കുമ്പോൾ ഫ്രിഡ്ജിൽ വെച്ചാൽ അത് പഴുക്കാതെ വരികയും, പിന്നീട് കറുക്കുകയും ചെയ്യും. എന്നാൽ, നന്നായി പഴുത്ത വാഴപ്പഴം ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ തൊലി കറുപ്പിക്കുമെങ്കിലും, ഉള്ളിലെ പഴം കൂടുതൽ കാലം കേടുവരാതെയും മൃദുവായിപ്പോകാതെയും നിലനിൽക്കാൻ സഹായിക്കും. പ്ലാസ്റ്റിക് കവറിലോ എയർടൈറ്റ് കണ്ടെയ്നറിലോ വെച്ച് ഫ്രിജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
നാരങ്ങാനീരോ, ഓറഞ്ച് നീരോ, അല്ലെങ്കിൽ വിനാഗിരിയോ നേർപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. മുറിച്ച വാഴപ്പഴത്തിന് മുകളിൽ ഇത് ചെറുതായി സ്പ്രേ ചെയ്യുന്നത് കറുത്തുപോകുന്നത് തടയാൻ സഹായിക്കും. ഇത് വളരെ ലളിതവും ഫലപ്രദവുമായ ഒരു വഴിയാണ്.
വാഴപ്പഴം മേശപ്പുറത്തോ മറ്റോ വെക്കുന്നതിന് പകരം തൂക്കിയിടുക. ഇങ്ങനെ ചെയ്യുമ്പോൾ പഴങ്ങളിൽ ചതവ് വീഴുന്നത് ഒഴിവാക്കാം, ഒപ്പം വായുസഞ്ചാരം എല്ലാ ഭാഗത്തും ഒരുപോലെ എത്തുകയും ചെയ്യും. ഇത് പെട്ടെന്ന് കറുത്തുപോകുന്നത് തടയും.
വാഴപ്പഴം കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് വാക്വം സീലിംഗ്. വാക്വം സീലർ ഉപയോഗിച്ച് വായു പൂർണ്ണമായും പുറത്ത് കളഞ്ഞ് സിപ്പ്ലോക്ക് ബാഗില്‍ സീൽ ചെയ്യുന്നത് വാഴപ്പഴം കറുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കും. തൊലികളഞ്ഞ വാഴപ്പഴം കഷ്ണങ്ങളാക്കി വാക്വം സീൽ ചെയ്ത് ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയിലധികം ഫ്രഷ് ആയിരിക്കും.
വാഴപ്പഴം കറുക്കുന്നതിന്റെ പ്രധാന കാരണം അതിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ ഗ്യാസ് ആണ്. ഇത് പുറത്തുവരുന്നത് സാവധാനത്തിലാക്കാൻ, വാഴപ്പഴത്തിന്റെ ഞെട്ടുഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് നന്നായി പൊതിഞ്ഞു വയ്‌ക്കുക. ഇത് പഴം വേഗത്തിൽ പഴുക്കുന്നത് തടയും. പ്ലാസ്റ്റിക് റാപ്പിന് പകരം, സെല്ലോടേപ്പ് ഉപയോഗിച്ച് നന്നായി ചുറ്റിക്കെട്ടുകയും ചെയ്യാം. എന്നിട്ട്, അതിനു മുകളിൽ അലുമിനിയം ഫോയിൽ കൂടി പൊതിഞ്ഞാൽ കൂടുതൽ ഫലപ്രദമാണ്.