മംഗലാപുരം: വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് കർണാടകയെ ഒരു എടിഎം ആയി ഉപയോഗിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
“കർണാടകയിൽ നിന്ന് ഒരു സംസ്ഥാന തിരഞ്ഞെടുപ്പിനും ഞങ്ങൾ 5 പൈസ പോലും നൽകിയിട്ടില്ല, ബിഹാറിനും ഞങ്ങൾ നൽകുന്നില്ല,” – ഒരു ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.
ബിഹാർ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഫണ്ട് ശേഖരണത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ പങ്കാളിയായിരുന്നുവെന്നും ഈ രീതി സംസ്ഥാനത്ത് അഴിമതി വർദ്ധിക്കാൻ കാരണമായതായിട്ടാണ് ബിജെപി നേതാവ് ചൂണ്ടിക്കാട്ടിയത്.
ഇതിനു പുറമെ രാജ്യത്തുടനീളം കോൺഗ്രസിന് കർണാടക ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് ഷെട്ടാർ സംസ്ഥാന സർക്കാർ പാർട്ടിയുടെ ഹൈക്കമാൻഡിനുള്ള ഒരു എടിഎം ആയി പ്രവർത്തിക്കുന്നുവെന്നും അരോപിച്ചിരുന്നു.
അതേ സമയം ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.