
ന്യൂദൽഹി : ബീഹാറിന് പിന്നാലെ പുതിയ പ്രവചനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ . പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൻ ഡി എ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ മോർബിയിൽ ബിജെപിയുടെ പുതുതായി നിർമ്മിച്ച ജില്ലാ ആസ്ഥാനം ഉദ്ഘാടനം ചെയ്ത ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനുള്ള ഉറച്ച ലക്ഷ്യത്തിൽ ആർക്കും തങ്ങളെ പിന്മാറ്റാൻ കഴിയില്ല. തന്റെ പാർട്ടി ഇക്കാര്യത്തിൽ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട് . നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു .
‘ ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ, ഡൽഹിയിലെ രാഷ്‌ട്രീയ പണ്ഡിതർ പ്രവചിച്ചത് ബിജെപിയും എൻഡിഎയും ഇത്തവണ വിജയിക്കില്ലെന്നും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും നമ്മൾ പരാജയപ്പെടുമെന്നും ആയിരുന്നു. എന്നാൽ ബീഹാറിലെ ജനങ്ങൾ എൻഡിഎയ്‌ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് നമ്മുടെ സർക്കാർ രൂപീകരിച്ചത് .
ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ബലഹീനത പ്രവചിച്ച എല്ലാ രാഷ്‌ട്രീയ പണ്ഡിതന്മാരോടും ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ബിജെപിയും എൻഡിഎയും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും സർക്കാരുകൾ രൂപീകരിക്കുമെന്നാണ് . ബീഹാർ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘സേവ് ഇൻഫിൽട്രേറ്റേഴ്‌സ് യാത്ര’ നടത്തി . ഇത് ഞെട്ടിക്കുന്നതായിരുന്നു, കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പാർട്ടി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. ആ കോൺഗ്രസിന്റെ പതനം നോക്കൂ.“ അമിത് ഷാ പറഞ്ഞു.നേരത്തേ ബീഹാർ തെരഞ്ഞെടുപ്പിൽ 160 ൽ അധികം സീറ്റ് നേടി എൻ ഡി എ വിജയിക്കുമെന്ന് ആദ്യം പറഞ്ഞതും അമിത് ഷാ ആയിരുന്നു.