• Thu. Apr 3rd, 2025

24×7 Live News

Apdin News

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവിലയില്‍ കുതിപ്പ്; പണലഭ്യത കൂട്ടാന്‍ കോര്‍പറേറ്റ് വായ്പകള്‍ മറ്റു ബാങ്കുകള്‍ക്ക് വീതിച്ചുനല്‍കിയത് അനുഗ്രഹമായി

Byadmin

Apr 2, 2025


മുംബൈ: അക്കൗണ്ടിംഗില്‍ 2000 കോടിയുടെ തിരിമറി റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിവാദത്തിലായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ക്ക് തിങ്കളാഴ്ച തിളക്കം. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് (ഏകദേശം 32 രൂപ) 682 രൂപ 70 പൈസയില്‍ എത്തി.

ഭാവിയില്‍ പണലഭ്യതാപ്രശ്നം നേരിട്ടേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അവരുടെ കോര്‍പറേറ്റ് വായ്പകള്‍ ഇതരബാങ്കുകളുമായി പങ്കുവെയ്‌ക്കാന്‍ തുടങ്ങിയതാണ് ഈ ബാങ്കിന്റെ ഓഹരികളിന്മേല്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുഖ്യധാര ബാങ്കുകളാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കോര്‍പറേറ്റ് വായ്പകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഏകദേശം 7.5 മുതല്‍ എട്ട് ശതമാനം വരെയുള്ള പലിശയ്‌ക്കാണ് ഈ കോര്‍പറേറ്റ് ലോണുകള്‍ ഏറ്റെടുക്കുന്നത്. ഇത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പണലഭ്യതാ പ്രശ്നം പരിഹരിക്കും. സാമ്പത്തിക തിരിമറി നടന്നു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കോര്‍പറേറ്റുകളും അതിസമ്പന്നരും ബാങ്കിലെ അവരുടെ നിക്ഷേപകം കൂട്ടത്തോടെ പിന്‍വലിച്ചാല്‍ വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബാങ്ക് വീണുപോയേക്കാമെന്ന ഭയമുള്ളതിനാലാണ് കോര്‍പറേറ്റ് ലോണുകള്‍ മറ്റ് ബാങ്കുകളുമായി പങ്കുവെയ്‌ക്കുക എന്ന പരിഹാരത്തിലേക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നീങ്ങിയത്. ഇത് ഗുണമായി ഭവിച്ചു.

റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ രക്ഷിക്കാനെത്തുന്നു

നേരത്തെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയതും നിക്ഷേപകര്‍ക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം സാമ്പത്തിക പാദത്തിനുള്ളില്‍, ഈ മാര‍്ച്ച് 31നകം സാമ്പത്തിക പ്രശ്നത്തിന്മേല്‍ പരിപൂര്‍ണ്ണമായ പരിഹാരം കണ്ടെത്തണമെന്ന് റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനമാണ് ഇടിവുണ്ടായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും റിസര്‍വ്വ് ബാങ്ക് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ന്ന യെസ് ബാങ്കിനെയും ആര്‍ബിഎല്ലിനെയും രക്ഷപ്പെടുത്തിയത് പോലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് രക്ഷപ്പെടുത്താന്‍ പോവുകയാണ്. ഈ പ്രതീക്ഷയുള്ളതിനാല്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ് എ ഇപ്പോഴും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് മികച്ച റേറ്റിംഗ് ആയ “ഔട്ട് പെര്‍ഫോം” തന്നെയാണ് നല്‍കിയിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയില്‍ 30 ശതമാനം ഇടിവുണ്ടായതാണ് ആശങ്ക പരത്തിയത്. ഒരു വര്‍ഷത്തിനിടെ 1576.35 രൂപ വരെ ഉയര്‍ന്ന ഓഹരിയാണ് ഇപ്പോള്‍ വെറും 672.65 രൂപയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഈ പ്രതിസന്ധി പരിഹരിക്കുമെന്നും അതിനാല്‍ 30 ശതമാനം വരെ ഓഹരിവിലയില്‍ ഉടന്‍ കുതിപ്പുണ്ടാകുമെന്നും നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നുമാണ് സിഎല്‍എസ് എ നല്‍കുന്ന ഉപദേശം.

സിഇഒയും ഡപ്യൂട്ടി സിഇഒയും നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗ്

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1,577 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞ വലിയ ബഹളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവര്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.



By admin