ന്യൂഡല്‍ഹി: ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഇന്ത്യഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് നീലജേഴ്‌സിയില്‍ ഇറങ്ങുന്നത്.
സെലക്ടര്‍മാര്‍ ഇന്ന് ടീമിനെ പുറത്തുവിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് മത്സരഫലം വന്നതിന് ശേഷം മാത്രമായിരിക്കും സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. താരങ്ങളുടെ ഫിറ്റ്‌നസ് മാനദണ്ഡമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും പരിഗണിക്കുന്നത്.
ഏഷ്യാ കപ്പില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്താനുള്ള സാധ്യത ഉണ്ട്. പരിക്ക് ഭേദമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കെ.എല്‍. രാഹുലിനൊപ്പം സഞ്ജു സാംസണ്‍ രണ്ടാമത്തെ വിക്കറ്റ് കീപ്പറാവും.
ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും വിശ്രമം നല്‍കാന്‍ സാധ്യത ഏറെയാണ്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ഈ തീരുമാനം. ഗില്ലിന് വിശ്രമം നല്‍കിയാല്‍ ടി20 ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് ഏകദിന ടീമിലേക്ക് വിളി ലഭിക്കാം.