• Fri. May 9th, 2025

24×7 Live News

Apdin News

ഇന്ത്യക്കാരോടും പാകിസ്താനികളോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ല; പ്രതികരിച്ച് അമേരിക്ക

Byadmin

May 9, 2025


ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടാനില്ലെന്നും അടിസ്ഥാനപരമായി ഇത് ഞങ്ങളുടെ വിഷയമല്ലെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ താനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ജെ.ഡി. വാന്‍സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

‘ഇരു രാജ്യങ്ങളെയും സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രേരിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കക്ക് ചെയ്യാനാകുക. യുദ്ധത്തില്‍ യു.എസിന് നേരിട്ട് ഇടപെടാനാകില്ല, കാരണം ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല, നമ്മുടെ നിയന്ത്രണ പരിധിയില്‍ വരില്ല. ഇന്ത്യക്കാരോടും പാകിസ്താനികളോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള നീക്കങ്ങളിലൂടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമം തുടരും’ -വാന്‍സ് പ്രതികരിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം വലിയൊരു യുദ്ധമോ ആണവ സംഘര്‍ഷമോ ആയി മാറില്ലെന്നാണ് യു.എസ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ദൈവം അതു വിലക്കട്ടെ. അങ്ങനെ സംഭവിക്കുമെന്ന് നിലവില്‍ കരുതുന്നില്ലെന്നും വാന്‍സ് പ്രതികരിച്ചു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം തുടരുന്നതിനിടെയാണ് യു.എസ് വൈസ് പ്രസിഡന്റിന്റെ പ്രതികരണം. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ ‘നാണക്കേട്’ എന്നാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്.

By admin