റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈമാസം 27നാണ് യു.എസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നത്.
ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞമാസം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തിയ 25 ശതമാനം താരിഫിന് പുറമെ റഷ്യന്‍ എണ്ണയുടെ പേരില്‍ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
‘റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്, റഷ്യന്‍ എണ്ണയുടെ 40 ശതമാനവും വാങ്ങിയിരുന്നത് അവരായിരുന്നു. ചൈനയും ഒരുപാട് എണ്ണ വാങ്ങുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. സെക്കന്‍ഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏര്‍പ്പെടുത്തിയാല്‍ റഷ്യക്ക് വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍, ഞാന്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല’ ട്രംപ് മാധ്.മത്തോട് പറഞ്ഞു. അതേസമയം, അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നിര്‍ണായക പ്രഖ്യാപനങ്ങളില്ലാതെയാണ് പിരിഞ്ഞത്.